Friday, October 18, 2013

പിന്തുടര്‍ച്ച...

സാക്ഷാത്കാരം നേടിയവരെ ദൈവമാക്കി വെക്കാന്‍ ആണ് നമുക്ക് താല്പര്യം. എങ്കില്‍ ആ വഴി സാധാരണ മനുഷ്യരെക്കൊണ്ട് പോകാന്‍ സാധിക്കുന്നതല്ല എന്ന ഒഴിവുകഴിവിന്മേല്‍ നമുക്ക് നമ്മുടെ ന്യൂനതകള്‍ മറച്ചു വെക്കാമല്ലോ.. എല്ലാ മതങ്ങളിലും അവതാരങ്ങളും, പുണ്യാത്മാക്കളും, പ്രവാചകരും ആയി മനുഷ്യര്‍ മാറുന്നതിന്‍റെ കാരണവും ഇതു തന്നെ.
ഭക്തി ഒളിച്ചോട്ടമല്ല, മറിച്ചു സ്വസ്വരൂപാനുസന്ധാനമാണ്. ഇന്നു ഭയമാണ് ഭക്തിയല്ല മനസ്സിനെ ഭരിക്കുന്നത്‌...
കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ പൂജ്യ ശ്രീചിദാനന്ദപുരി സ്വാമിജിയുടെ ഒരു ഉപമയോട് കടപ്പാട്..
-------------------------------------------------------------------

ഇതാ മരുഭൂവിന്‍ ഒരറ്റമെത്തിയോന്‍
സ്വയമറിയാതെ ഉറക്കെ പാടുന്നു
സ്വരങ്ങള്‍ കമ്പിതമതെങ്കിലും അവന്‍
ദൃഡമായ് താന്‍ വന്ന വഴിയെ ചൂണ്ടുന്നു

ഇതാ മലയ്ക്കു മേല്‍ വലിയ പാറമേല്‍
ഒരു മനുഷ്യന്‍ തന്‍ കഥ പറയുന്നു
ഉരുണ്ടും വീണുമാ തനു മുറിഞ്ഞാലും
ഉറച്ച പാറമേല്‍ ഇതാ ഞാന്‍ നില്‍ക്കുന്നു

മഹാ സമുദ്രങ്ങള്‍ തരണം ചെയ്തവന്‍
കിതച്ചു കൊണ്ടു തന്‍ തല തുവര്‍ത്തുന്നു
ഒരു സ്മിതത്തോടെ തിര മുറിച്ചവന്‍
മണലില്‍ തന്‍ ജയ പതാക നാട്ടുന്നു

വിയര്‍പ്പിനാലെ തന്‍ വഴി തെളിച്ചവര്‍
വരും മനുഷ്യര്‍ക്കു വിളക്കായീടുവാന്‍
ഉറക്കെ താന്‍ വന്ന വഴി കഥിക്കുന്നു
വരുവാന്‍ കാണുവാന്‍ ഇതാ ക്ഷണിക്കുന്നു.

അവര്‍ തന്‍ ഈണങ്ങള്‍ ശ്രവിച്ചവര്‍ കാണ്മൂ
മരുവിനപ്പുറം കടലിനപ്പുറം
വലിയ ശൈലത്തിന്‍ ശിഖരത്തില്‍ നിന്നും
പുതിയ ഗാനാമൊന്നുറന്നു വന്നതായ്

നടക്കുവാന്‍ വയ്യ മരുഭൂവില്‍ക്കൂടി
ഉരുണ്ടും വീണുമാ മല കേറാന്‍ വയ്യ
കടലില്‍ നീന്തുവാന്‍ കഴികയുമില്ല
മടിയും പേടിയും തടുത്തു നിര്‍ത്തുന്നു

"മരു കടന്നവന്‍ മനുഷ്യനായ്ക്കൂടാ
അവനത്രെ ദൈവ പ്രവാചകന്‍, അഹോ
അവനു ചെയ്യുവാന്‍ കഴിയും നമ്മളോ
വെറും മനുഷ്യര്‍ താന്‍ അവിടെയെത്തുമോ?

അതാ അവതാരം ഒരു വെളിച്ചം പോല്‍
അവനാ  മാമലപ്പുറത്തു വന്നഹോ
മനുഷ്യരെക്കൊണ്ട്‌ ഇതൊക്കെയൊക്കുമോ
അവന്നു നാം നന്നായ് സ്തുതി മുഴക്കുക

കടലിനെ നീന്തിക്കടക്കാനൊത്തവന്‍-
അവന്‍ ദൈവത്തിന്‍റെ അരുമയാകണം
അവന്നു സാധ്യമാം അവന്നു മാത്രമാം
മനുഷ്യരീ നമ്മളവനെ വാഴ്ത്തുക

അവര്‍ ചൊന്ന വഴി കഠിനമാകയാല്‍
അവരെ നാം ദൈവ പദത്തില്‍ വെക്കുക
വെറുതെയാ നാമം ജപിക്കുക നമ്മള്‍
അവനിരിക്കുന്നോരിടത്തിലെത്തിടും"

നടക്കാതെ മരു കടപ്പാനാശിപ്പോന്‍
കയറാതെ ശൈലശിഖരം കാംക്ഷിപ്പോന്‍
ജലം തൊടാതെയാ മറുകര കാണാന്‍
ജപവും ധ്യാനവും സ്ഥിരമായ്‌ ചെയ്വവന്‍

ഒരിക്കലെങ്കിലും തുനിഞ്ഞിറങ്ങുമോ?
ഒരിക്കലെങ്കിലും അവിടെയെത്തുമോ?
അറിവിന്‍ സാഫല്യം നുണയുമോ? ജന്മ-
മിരുളില്‍ നിന്നവനൊളി കണ്ടീടുമോ??

1 comment:

  1. ഇത് വളരെ ആഴമേറിയ ചിന്തകളാണല്ലോ!

    ReplyDelete