Thursday, July 11, 2013

കവിതയോട്..

വണ്ടി കേറിച്ചതഞ്ഞതാമെന്റെ  കൈ
ത്തണ്ടയില്‍ നിന്‍റെ സ്നേഹമിറ്റിക്കുക.

പാട്ടു പാടി മുറിഞ്ഞൊരെൻ തൊണ്ടയിൽ
കീർത്തനധ്വനി വീണ്ടും നിറക്കുക

നീറ്റൽ ചുറ്റി മുറുക്കും മിഴികളിൽ
കാട്ടുപൂവിന്റെ തേനിൽ നീയാഴ്ത്തുക

വിണ്ട ചുണ്ടിന്റെ സങ്കടങ്ങൾക്കു നീ
ചുംബനങ്ങളാൽ സാന്ത്വനമേകുക

വേർത്ത മണ്ണിന്റെ നിശ്വസിതങ്ങൾക്കു
ചാർത്തുവാൻ നീ മഴപ്പുതപ്പാകുക

കണ്ണിലൂറി വരും സ്മൃതികൾക്കു നീ
വെണ്ണിലാവിൻ ചിറകൊരുക്കീടുക

ആര്‍ത്തു പായും വെയില്‍ക്കിനാക്കള്‍ക്കു നിന്‍
ആശ്രമത്തിന്‍ തണലു പകരുക

വേദന ചുരമാന്തിടും നെഞ്ചിതില്‍
നാദമായി ചുരക്കുക പിന്നെയും

ആറിടാതെന്‍ കരളില്‍ ഖരാക്ഷര
സ്ഥൈര്യമായി നീ വാഴുക കാവ്യമേ 

1 comment:

  1. വാഴുന്നുണ്ട് കാവ്യം!!

    ReplyDelete