Thursday, June 13, 2013

രാമകൃഷ്ണ ശരണാഗതി...

കണ്ണീരില്‍ കുതിരുന്നൊരെന്റെ കരളില്‍
പൂന്തെന്നലായ് വീശുവാന്‍
ചെന്തീയാളിടുമോര്‍മ്മയില്‍ പനിമലര്‍-
ത്തേന്‍തുള്ളിയായ് പെയ്യുവാന്‍
വന്നീടൂ മടി കൂടിടാതിഹ വിഭോ
നീയില്ലയില്ലെങ്കിലീ
മണ്ണില്‍ ആസ്തിക ശോഭയെങ്ങെവിടെയാം
ജീവന്‍റെ നിര്‍വാണവും

കണ്ടാലേറ്റം മുഷിഞ്ഞ വസ്ത്രമുടലില്‍
ഉണ്ടെങ്കിലുണ്ടെന്നു താന്‍
തീണ്ടാനാകൊല നാണ്യമാ വിരലിനാല്‍
പാണ്ഡിത്യമൊട്ടില്ല താന്‍
എന്തായാലുമതൊക്കെ നിന്‍റെ കരുണാ-
ലീലാവിലാസങ്ങളായ്
കണ്ടിട്ടങ്ങറിയുന്നവര്‍കള്‍  കുറയും
കണ്ടെങ്കില്‍ ഭാഗ്യം ദൃഡം

കോദണ്ഡായുധമേന്തി രാമവപുവായ്
ത്രേതായുഗത്തിങ്കല്‍ നീ
ചോദിക്കാതെ മനം കവർന്ന മുരളീ-
ഗോപാലനായ്‌ ദ്വാപരേ
വേദത്തേൻമൊഴി വാക്കിലേന്തി
ലളിതം പൂജാരിയായ് വന്നു നീ
മോദത്തോടെ മനുഷ്യരാശിയെ
പരം ധാമത്തിലെത്തിക്കുവാൻ

പാദത്താൽ അബലക്ക് മോക്ഷമരുളീ
ശ്രീരാമനായ് വന്ന നാൾ
പാദത്താമാരയാലെ കാളിയ ഫണേ
നീ നൃത്തമാടീ ഹരേ
പാദസ്പർശന മാത്രയാൽ പരമഭ-
ക്തന്മാർക്കു നീ കൽപ്പകം-
പോലെ കാമനിവൃത്തിയേകി തവ തൃ-
പ്പാദങ്ങൾ മാത്രം തുണ

കാളീപൂജയിൽ ബാലനായി, ഗിരിശ-
ന്നായീ ഭവാൻ മോചകൻ
നീ തന്നെ ഗുരുവായ് ചമഞ്ഞു ഭഗവൻ
നിൻ ദേശികർക്കൊക്കെയും
പാപത്തിൻ ചുഴി വാപിളർന്നു വരുമീ
നേരത്തിൽ നിൻ നാമവും
പാദത്തിൻ പൊടിയും തരേണമലിവായ്
മുക്തിക്കതേ പോരുമേ

1 comment: