Monday, May 20, 2013

കവിതത്തീവണ്ടി....

കവിതയെഴുത്തിനെ കുറിച്ച് ഒരു സുഹൃത്തിനുള്ള മറുപടി...
--------------------------------------------------------------------
കവിതക്കൊരു പാളം വേണം

ശരിയായൊരു ദിശ കണ്ടെത്താൻ
പോകുന്നതിൽ താളം വേണം
ശബ്ദത്തിൽ സുഖമുണ്ടാകാൻ

ആരേയും ആകർഷിക്കാൻ
കൂകുന്നൊരു എഞ്ചിൻ വേണം
ദൂരങ്ങൾ താണ്ടാൻ ഇന്ധനം
ഭാവന കുറച്ചധികം വേണം

നിരനിരയായ് വരികൾ ബോഗികൾ
പുറകിൽ നീ കെട്ടീടേണം
അതിലാകെ മധുരം തൂകും
സമ്മാനപ്പൊതികൾ വേണം

പൂവിന്റെ പരാഗം വേണം
പൂർണ്ണിമയുടെ ചന്തം വേണം
പൂങ്കാറ്റിൻ മണവും, അരിയൊരു
പൂമ്പാറ്റച്ചിറകും വേണം

നിറകതിരിൻ നിറവും വേണം
മഴവിൽക്കൊടിയഴകും വേണം
കുളിരും ധനു നിലവും വേണം
പൊളിയില്ലാ മനവും വേണം

കടലിന്റെ കനിവും, വിഷുവിൻ
കണി പാകും സുകൃതം വേണം
അഴലിൻ ചെറു കണ്ണീർനനവും
അതിലുണരും പുഞ്ചിരി വേണം

സമ്മാനപ്പൊതികളിലെല്ലാം
അൻപിന്റെ സുഗന്ധം വേണം
തീവണ്ടിക്കൂക്കിൽ ഓർമ്മകൾ
പൊടിതട്ടിപ്പാഞ്ഞീടേണം

കവിതത്തീവണ്ടി വരുമ്പോൾ
ഹൃദയത്തിൻ ചോപ്പു നിറത്താൽ
കൊടികാട്ടി നിറുത്തീടേണം
അതിനൊപ്പം യാത്ര തുടങ്ങാൻ

വാക്കുകളുടെ ടിക്കറ്റുണ്ടേൽ
പോകേണ്ടിടം അറിയാമെങ്കിൽ
അവിടെല്ലാം ചെന്നു വരാമീ
വണ്ടിയിൽ, മടിയില്ലെന്നാകിൽ

ഒടുവിലൊരു ബോഗിയിൽ യാത്രാ
മംഗളവും വെച്ചു കൊടുത്താൽ
പോകാനായ് കൂവുകയായി
കവിതത്തീവണ്ടി പതുക്കെ.

7 comments:

  1. കൂവുകയായി കവിതത്തീവണ്ടി .....

    ReplyDelete
  2. നല്ല വണ്ടി - ഇനിയുമിനിയും ആളുകള്‍ ഈ വണ്ടിയില്‍ കയറട്ടെ!!!

    ReplyDelete
  3. വിശദീകരിക്കാനുള്ള പരിജ്ഞാനം പോരാ ... ആശംസകൾ

    ReplyDelete
  4. മഹാകവി ജയിക്കട്ടെ. ജയ് മഹാകവി!

    ReplyDelete
  5. കൂക്കിപ്പായട്ടെ തീവണ്ടി

    എന്നിട്ട് ആ സുഹൃത്ത് ലക്ഷണമൊപ്പിച്ച് എഴുതുന്നുണ്ടോ?

    ReplyDelete