ഹര സാംബസദാശിവ പാഹി വിഭോ
നരകക്കൊടുതീയിതില്‍ നിന്നു സദാ
വിരവോടെ വിരക്തി വരുന്നതിനും
തരികേതൊരു ഭക്തി ജയിപ്പു സദാ
കൊടുപാപ ശതങ്ങളിലാണ്ടാവനും
അടിവീണുടനങ്ങയിടം വരുകില്‍
ഞൊടി കൊണ്ടു ക്ഷമിച്ചിടുമാ മഹിമ-
ക്കടിപെട്ടവര്‍ ഭാഗ്യമിടം പെരുവോര്‍
ശ്രുതികള്‍ പലരീതിയില്‍ വാഴ്ത്തുവതി-
ന്നതി വേദനയോടെ ശ്രമിച്ചിടിലും
അതിനായിടുകില്ല!! ഭവാന്‍റെ കൃപാ-
ചരിതങ്ങള്‍ അവാച്യ വിഭൂതികളാം
ശിവ, ശം തരുവാന്‍, ശിലയാം ഹൃദയം
തവ നാമമതില്‍ മുഴുകേയൊഴുകാന്‍
ശവമായ് തനു മാറുവതിന്നു പുരാ
അവിരാമ സുഖത്തില്‍ വിരാമമിടാന്‍
ഭയലേശവും, ദേഷ്യവും, കര്‍മഫല-
പ്രിയവും മദവും നിജകാമനയും
ദയയാ കളയാന്‍, ഉയിര്‍ നിന്നില്‍ സദാ
അലിയാന്‍, അപരോക്ഷ സമാധി വരാന്‍
ഉഡുരാജ വിരാജിതമാം ജടയും
തുടി,ശൂല, മൃഗം, ഗജചര്‍മ്മയുതം
ചുടു ഭസ്മമണിഞ്ഞ കളേബരവും
അണിഗംഗയും മങ്കയുമായുലകിന്‍
തുണയാകിന കണ്ണുകള്‍ മൂന്നുമുടന്‍
ഫണിരാജ വിഭൂഷിതമാം ഗളവും
കണി കണ്ടുണരാന്‍ കനിവേകണമേ
No comments:
Post a Comment