Friday, January 11, 2013

ഇനിയോര്‍മ്മകള്‍ മതി....

"എത്ര കാലം നീ മിണ്ടാതിരിക്കും? ഏഹ്, എത്ര കാലം"
"മിണ്ടാനില്ല്യ ന്നു പറഞ്ഞില്ല്യെ?"
"അതെന്ന്യാ ചോയിച്ചേ എത്ര കാലണ്ട് ഈ മൗനവ്രതം ന്നു"
"ജീവിതകാലം മുഴോന്‍. ഞാന്‍ മിണ്ട്യാലല്ലേ കൊഴപ്പള്ളൂ.മിണ്ടണേല്ല്യ"
"ഓ... കാണാം"
"കാണാം".......
-------------------------------------
"ചിലതങ്ങിനെയാണ്. തുടങ്ങുന്നതും അവസാനിക്കുന്നതും എപ്പോളാണെന്നോ എവിടെയാണെന്നോ ഒരു പിടിയുമുണ്ടാകില്ല.ഒടുവില്‍ നടുക്കടലില്‍ തനിച്ചാകുമ്പോളാണ് ബോധം തെളിയുക. തിരിച്ചു പോകാന്‍ വഴിയറിയാത്ത കൂരിരുട്ടില്‍......
ഇനിയോര്‍മ്മകള്‍ മതി...."
മാധവന്‍ അന്ന് പ്രസിദ്ധീകരിച്ച തന്റെ ആദ്യ കഥാസമാഹാരം "ഇനിയോര്‍മ്മകള്‍ മതി" മടക്കി എഴുന്നേറ്റു. വെറുതെ, കൌതുകത്തോടെ അയാള്‍ കലണ്ടറിലേക്ക് നോക്കി...
സെപ്റ്റംബര്‍ 2
----------------------------------
സെപ്റ്റംബര്‍ 2 1988

കല്യാണശേഷം ഇന്നവളുടെ മൂന്നാമത്തെ പിറന്നാള്‍. ശര്‍മയുടെ കയ്യില്‍ നിന്നും തല്‍ക്കാലം കടം മേടിച്ച് ഒരു പട്ടുസാരി വാങ്ങി. പതുക്കെ കൊടുക്കാം എന്ന് കരുതി സൂക്ഷിച്ചു വെച്ചു. പരിഭവിക്കുമ്പോള്‍ അവളുടെ ചിണുങ്ങല്‍ കാണാന്‍ രസമാണ്. പക്ഷെ, കളി കാര്യമായി. പറഞ്ഞു പറഞ്ഞുവഴക്കായി. ഒടുവില്‍ ആ സാരി അവളുടെ മുഖത്തേക്ക് വലിച്ചെറിയുന്നത് വരെ എത്തി കാര്യങ്ങള്‍. കുട്ടന്‍ കരയുവാന്‍ തുടങ്ങി. കുഞ്ഞല്ലേ... എന്തായാലും മോശമായി. നല്ലൊരു പിറന്നാള്‍... നാളെ മാപ്പ് പറയാം.
-----------------------------------
"മാധവേട്ടാ, എന്താ രുഗ്മിണ്യെച്ചീടെ ഓര്‍മ്മേല് മുഴുകീരിക്ക്യാ?"
"ഒന്ന് പോടാ. ഓര്‍മ്മേം കൂടീല്ല്യ. എന്നട്ടാ ഈ വലിയ വര്‍ത്തമാനം? എന്നെ മാധവേട്ടന്‍ ന്നു വിളിക്കണത് പോട്ടെ, അത് നെന്‍റെ അമ്മ്യാന്നു മറക്കണ്ട."
"ആ...എനിക്കത്ര്യെള്ളൂ. രണ്ടു വയസ്സുള്ള എന്നേം മാധവേട്ടനേം ഇട്ട് പോയതല്ലേ. കൊറച്ച് മൊലപ്പാലു കുടിച്ചള്ളോണ്ടാ വേറൊന്നും ഞാന്‍ പറയാത്തേ....."പ്രണവിന്റെ മുഖം ചുവന്നു തുടുത്തു. മാധവന്റെ കണ്ണില്‍ കണ്ണീര്‍ തിളങ്ങി. അവന്റെ ശബ്ദം ഇടറി 
"ഏയ്‌... കരയണ്ട അച്ഛാ. ഞാന്‍ വെറുതെ തമാശക്ക് പറഞ്ഞതല്ലേ. ഇന്നമ്മേടെ പിറന്നാളല്ലേ. നമ്മക്ക് അമ്പലത്തില്‍ പോവാം. വരൂ......."
----------------------------------
അമ്പലത്തില്‍ നിന്നും തിരിച്ചു പോരുമ്പോള്‍ മാധവന്‍ പ്രണവിനെ നോക്കി. രണ്ടു വയസ്സേ അന്നവന് പ്രായമുള്ളൂ.. ഇന്ന് ഒന്നിനോന്നോണം തക്കതായി. വലുതായി, ജോലിയും, കാറും ഒക്കെയായി. പക്ഷെ ഇന്ന് വരെഅവന്‍ അവന്റെ അമ്മയെ കുറിച്ചു ചോദിച്ചിട്ടില്ല. കുട്ടിക്കാലത്ത് കുറെ നുണകള്‍ പറഞ്ഞതല്ലാതെ വേറൊന്നുമില്ല.
കാറിനുള്ളില്‍ കയറിയ ഉടനെ മുന്നിലെ ഗണപതി വിഗ്രഹം തൊട്ടു തൊഴുവാന്‍ പ്രണവ് കൈനീട്ടി. പെട്ടെന്ന് എന്തോ കണ്ടിട്ടെന്ന പോലെ അവന്‍ പതുക്കെ പിന്‍വലിച്ചു. മുന്നിലിരിക്കുന്ന രുഗ്മിണിയുടെ ചിത്രത്തില്‍ നോക്കിക്കൊണ്ട് മാധവന്‍ പ്രണവിനു നേരെ ഒരു പുസ്തകം നീട്ടി. പൊടി പിടിച്ച ആ പുസ്തകത്തിനു മേല്‍ അവന്‍ ഇങ്ങിനെ വായിച്ചു 'Diary 1988'
--------------------------------
ഒക്ടോബര്‍ 28 1988

ഏറെ നാളുകള്‍ക്കു ശേഷം ഇന്നാണ് വീണ്ടും തുടങ്ങുന്നത്. ഇപ്പോള്‍ നേരം എന്തായെന്നറിയില്ല. കുട്ടന്‍ ഉറങ്ങുന്നു. അവന്‍ കുഞ്ഞല്ലേ. ചുറ്റിലും നടക്കുന്നതെന്താണെന്നാരിയുന്നില്ല. അമ്മ ഓഫീസിലേക്ക് പോയി എന്നാണു ഇത് വരെ പറയാറ്. വലുതാകുന്നതിനനുസരിച്ചു നുണകള്‍ മാറ്റി പറയേണ്ടി വരും.
രുഗ്മിണി, അവള്‍ക്ക് എന്നാലും ഇങ്ങിനെ തോന്നാന്‍......എന്താണ് സംഭവിച്ചത് എന്ന് വ്യക്തമായി ആര്‍ക്കും അറിയുകയുമില്ല. അയല്‍ക്കാരോട് 11 മണി വരെ സംസാരിച്ചുവത്രേ. അന്നത്തെ വാഗ്വാദത്തിനു ശേഷം എന്നോട് സംസാരിച്ചിട്ടും ഇല്ല.
പോലീസും, അന്വേഷണവും.... മടുത്തു.... എന്നാലും എന്റെ കുഞ്ഞ്..... അവനാരുമില്ലാതാകരുതല്ലൊ .
നല്ല ക്ഷീണം. ഉറക്കം വരുന്നില്ല. കണ്ണടച്ചാല്‍ അവളാണ്....
ചിലതങ്ങിനെയാണ്. തുടങ്ങുന്നതും അവസാനിക്കുന്നതും എപ്പോളാണെന്നോ എവിടെയാണെന്നോ ഒരു പിടിയുമുണ്ടാകില്ല.ഒടുവില്‍ നടുക്കടലില്‍ തനിച്ചാകുമ്പോളാണ് ബോധം തെളിയുക. തിരിച്ചു പോകാന്‍ വഴിയറിയാത്ത കൂരിരുട്ടില്‍......
ഇനിയോര്‍മ്മകള്‍ മതി....
------------------------------------------

No comments:

Post a Comment