Tuesday, March 22, 2011

വളര്‍ന്നു പോയി.......

ഈ നീല രാവുകളുമാര്‍ദ്ര സുഗന്ധമേറ്റും
ഈറന്‍ കുളക്കടവുമാല്‍മരമൂടുമെല്ലാം
ഏതോ പുരാതന കഥാമധുരം പകര്‍ന്ന
സ്വാദിന്റെ ഓര്‍മ്മകളുണര്‍ത്തിടുമെന്റെയുള്ളില്‍

ആ നല്ല നാളുകള്‍, ബാല്യ കുതൂഹലങ്ങള്‍,
ആ നാട്ടുമാവുകളിലേറി മദിച്ച കാലം
ഈ ഊടുപാതയിലെ പുല്‍ക്കൊടികള്‍ക്ക് പോലും
സ്നേഹം ചൊരിഞ്ഞ പുതുവര്‍ഷ സമാഗമങ്ങള്‍

ഈ കാറ്റിനും, പുതു ഹിമാംശുവെ നെഞ്ചിലേറ്റും
നീലത്തുകില്‍ ഞൊറിയും പൂവിനും, വണ്ടുകള്‍ക്കും
എന്നാളുമേറ്റം അലിവുള്ളൊരു തോഴനായി
ഉള്ളില്‍ ചമഞ്ഞു വിളയാടിയിരുന്ന കാലം

ഇന്നും വിളിക്കുമവര്‍ എന്നുടെ പേരു ചൊല്ലി
കണ്ണില്‍ തിളങ്ങും സ്മൃതി തന്‍ മധുരങ്ങളോടെ
"കണ്ടിട്ടു ഏറെയിഹ നാളുകളായി, തോഴാ,
എന്തെന്റെ ബാല്യസഖി നീ വലുതായിയെന്നോ?

അന്നുള്ള നിന്റെ ചിരി എങ്ങു വരണ്ടു പോയി
കണ്ണില്‍ വിഷാദമിത് എങ്ങിനെ വന്നു പോയി
എന്തെ, പനതിന്‍ നിഴലാട്ടമതില്‍ മയങ്ങി
കൊന്നോ മനസ്സതിലെ നിഷ്കള ഭാവമാകെ?

ഇല്ലന്നു കീശയിലൊരൊന്നര രൂപ പോലും
ഇല്ലാ തിളങ്ങിടുമൊരാട, കനത്ത മാല
എന്നാലുമന്നു പിരിയാതെ ഇരുന്നിരുന്നു
കാപട്യമറ്റ ചിരിയും മൃദുസ്നേഹവായ്പും"

നേരാണിതൊക്കെ , വലുതായി അതാണു കുറ്റം
നേരറ്റ ലോകമിതില്‍ വാഴുവതാണ് കുറ്റം,
ഇന്നോര്‍മ്മയായി തെളിയുന്നു തിരിച്ചു പോകാന്‍
വയ്യത്തൊരാ മധുര നാളുകള്‍ എന്റെയുള്ളില്‍

കഷ്ടം വളര്‍ന്നു! വളരാതെയിരുന്നുവെങ്കില്‍ ...
ഇഷ്ടങ്ങളൊക്കെ ചെറുതായിയിരുന്നുവെങ്കില്‍
കണ്ണില്‍ തിളങ്ങും വള തന്നുടെ പൊട്ടതെല്ലാം
എന്നും മനസ്സില്‍ മറയാതെ ഇരുന്നുവെങ്കില്‍ !!

No comments:

Post a Comment