Wednesday, March 16, 2011

ഒഴുകാത്ത പുഴകള്‍

തീരങ്ങളില്‍ മഴ കുത്തിയൊലിക്കവേ
ഞാന്‍ നിറകണ്ണുമായ് നിന്നു
ഏതോ പഴയ സ്മരണയിലെന്‍ മാറില്‍
നീര്‍ക്കണമൊന്നു പൊടിഞ്ഞു.

ആയിരം ജന്മങ്ങള്‍ കണ്ടു കടഞ്ഞൊരെന്‍
കണ്ണുകള്‍ മെല്ലവേ മൂടി
വീണ്ടും ഒരു തീര്‍ത്ഥയാത്രക്കു കെല്‍പ്പില്ലാ-
താകെ കുഴഞ്ഞു ഞാന്‍ നിന്നു

എത്ര നാളായെന്‍ ഒഴുക്കു നിലച്ചി-
ട്ടിതെത്ര നാളായ്? ഓര്‍മ്മയില്ല.
എങ്കിലും ഓര്‍ക്കുന്നു പണ്ടു നിറഞ്ഞു ഞാന്‍
ഈ വഴി പൊയ്പ്പോയിരുന്നു.

രണ്ടു തീരങ്ങളും പുല്‍കിപ്പുണര്‍ന്നു കണ്‍-
കണ്ട കരകള്‍ തലോടി
മുണ്ടകപ്പാടത്തിന്‍ ദാഹം ശമിക്കുവാന്‍
വേണ്ടുവോളം ജലമേകി

നീലപ്പൊന്മാനിനെ കൊഞ്ചിച്ചും കൈ നീട്ടി
കൈതോലത്തുമ്പില്‍ പിടിച്ചും
നീലവാനിന്നെ പ്രതിഫലിപ്പിച്ചുമാ
നീണ്ട വഴികള്‍ ഞാന്‍ താണ്ടി

എത്രയോ ഗ്രീഷ്മങ്ങള്‍ എത്ര വസന്തങ്ങള്‍
എത്ര ശരത്കാല സന്ധ്യ
എത്ര ശിശിരങ്ങള്‍,വര്‍ഷങ്ങള്‍, എത്രയോ
ഹേമന്തമെന്നില്‍ നിറഞ്ഞു

ജീവനേകും ശുദ്ധ ധാരയായ് ഈ വഴി
അന്നൊഴുകീടിന നാളില്‍
ഉണ്ടായിരുന്നു എനിക്കും പറയുവാന്‍
ഒട്ടേറെ നാടന്‍ കഥകള്‍

എല്ലാം പറഞ്ഞു ഞാന്‍ അന്നിവിടെ കണ്ട
കാറ്റിനോടും കിളിയോടും
എന്റെ പാട്ടെല്ലാം പകര്‍ന്നു ഞാന്‍ തീരത്തില്‍
വന്ന പുള്ളോര്ക്കുടത്തിന്നും

ഞാന്‍ വിസ്മൃതിക്കുള്ളില്‍ ആണ്ടു പോയീടിലും
തീരങ്ങള്‍ എല്ലാം വളര്‍ന്നു
ഞാന്‍ ഇന്നൊരു വെറും ചാലായി മാറിലും
കര രണ്ടും ആര്‍ത്തുല്ലസിച്ചു.

ഞാന്‍ ഒഴുകീടാ പുഴയായി മാറുക-
യാണതറിയുന്നു പക്ഷെ
വീണ്ടും പുതിയ വസന്തങ്ങള്‍ കാണുവാന്‍
ഉള്ളം തുടിച്ചു നില്‍ക്കുന്നു

പണ്ടു ഞാന്‍ ഊട്ടി വളര്‍ത്തിയ പാടങ്ങള്‍
ഇന്നു പൂവിട്ടു ചിരിക്കെ
ഒന്നനങ്ങാന്‍ കൂടി വയ്യെങ്കിലുമെന്റെ
കണ്ണു നിറഞ്ഞൊഴുകുന്നു.

ഇന്നു തീരങ്ങള്‍ മഴയില്‍ കുതിരവേ
ഞാന്‍ മാത്രം വറ്റിക്കിടപ്പൂ
ശപമോക്ഷത്തിനു കേഴും ഒഴുകാപ്പു-
ഴയായി ഞാന്‍ മാറിടുന്നു.

No comments:

Post a Comment