പണ്ടൊരിക്കല്‍ എഴുതിയ ഒരു കവിത.... സാക്ഷാല്‍ അയ്യപ്പസ്വാമിയുടെ അനുഗ്രഹങ്ങള്‍ എല്ലായ്പ്പോഴും എല്ലാവരെയും പൊതിഞ്ഞു നില്‍ക്കട്ടെ.......
ശരമെയ്യുക വീണ്ടും ഹരിഹരസുതനേ നീ
തറയട്ടെയതെന്‍ ഹൃത്താം മലയുടെ മേലെ
വിരവോടെ കുടികൊള്ളണമെന്നെന്നും സ്വാമീ
നിറവാകും പ്രണവാക്ഷരപ്പൊരുളായി നീ//
ഒരു നൂറപരാധങ്ങള്‍ ചെയ്തവനാം ഞാന്‍
പരിചോടെ വ്രതമെടുത്തു വരികയാണിതാ
കരിമുകിലിന്‍ കരിമ്പുലി മേല്‍ കയറി വരുന്നൂ
ചിരിയുതിരും മുഖവുമായെന്‍ പന്തളരാജന്‍.//
കദനമാകും കരിമല ഞാന്‍ കയറി വലയവേ
കരുണയുടെ ഉറവയായി നീയൊഴുകുന്നു
കഠിന സങ്കടങ്ങളുടെ കല്ലിടാംകുന്നില്‍
കവിള്‍ തുടച്ചു കൂടെ എന്നെ വഴി നടത്തുന്നു//
വിധി കുത്തിയ ശരങ്ങളുമായ് ഞാനിഴയുമ്പോള്‍
സുഖദമൊരു തെന്നലായി നിന്‍ കൃപ വാര്‍ന്നെന്‍
മുറിവുകളില്‍ തഴുകിയെഴുന്നേല്‍പ്പിക്കുന്നു എന്റെ
മിഴികളില്‍ നിന്‍ മകരവിളക്കൊളി പകരുന്നു//
പതിനെട്ടു തത്വത്തിന്‍ പടികളേറി ലോകത്തിന്‍
പതിയാകും തത്വമസിപ്പൊരുളിനെ കാണ്‍കെ
പതിവായി നിന്‍ തിരുവുടല്‍ കണ്ടു മടങ്ങാന്‍
പതിതനാകുമടിയനൊരു വരമേകുക നീ//
ശബരീശാ!! പൂര്‍ണ്ണചന്ദ്ര പ്രഭയുതിരും നിന്‍
തിരുമുഖത്തിന്‍ കാന്തിയെന്നില്‍ നിറഞ്ഞിടേണമേ
മലയിറങ്ങി ജീവിതമാം സാഗരത്തിലും
വഴിവെളിച്ചമായി എന്നെ കാത്തിടേണമേ//
No comments:
Post a Comment