ജീവിതത്തില്‍ ചില നിമിഷങ്ങളില്‍ മറ്റെല്ലാം തുച്ഛമായി തോന്നും. എന്തൊക്കെ സൌഭാഗ്യങ്ങളുന്ടെങ്കിലും അവയുടെ ക്ഷണികത,അസ്ഥിരത മനസ്സിലുടക്കും...
അങ്ങോട്ട് എത്ര വെറുത്താലും പിന്നെയും സ്നേഹം മാത്രം പകരുന്ന ഒരേയൊരു സ്നേഹിതന്‍.....
യഥാര്ത്ഥ മിത്രം...
എത്ര തള്ളിപ്പറകിലുമെന്നെ നീ
നുള്ളി നോവിപ്പതില്ലയെന്തത്ഭുതം
എത്ര നിന്നെ മറക്കാന്‍ ശ്രമിക്കിലും
അത്ര നീയെന്നെ സ്നേഹിപ്പതത്ഭുതം
ഉള്ളിലെള്ളോളവുമലിവില്ലാത്ത
കള്ളനാണ്യങ്ങള്‍ വാണിടും വാഴ്വിതില്
പോള്ളുമുഷ്ണമരുവായി ജീവിതം
മെല്ലെ മാറ്റുമീ സ്നേഹ വറുതിയില്
ഇല്ല മറ്റൊരാള്‍ നീയെന്യെയൂഴിയില്
തെല്ലുമെന്നെ തഴയാത്തതായഹോ
മുള്ളു കൊണ്ടു പിടയുന്ന പ്രാണനില്
തുള്ളിയെങ്കിലും പ്രേമം ചൊരിവതായ്
ഉണ്ടു കൂട്ടുകാര്‍ ചുറ്റിലും കണ്ണുകള്
രണ്ടിലും തിമിരം വന്നു മൂടിയോര്
ഉള്ളു പൊള്ളയാം നാടകക്കാരെന്നെ
കൊള്ള ചെയ്തു പോം തസ്ക്കര സംഘങ്ങള്
വീണിടുമെന്നെ കൈപിടിച്ചേറ്റാത്ത
നാണമില്ലാ പരോദനഭോജികള്
എത്രയുണ്ടിവരെങ്കിലും നീയല്ലാ-
തില്ലയിത്ര മേല്‍ സ്നേഹിച്ച മറ്റൊരാള്
എത്ര നിന്നെ ഒഴിച്ചു നിര്‍ത്തീടിലും
എത്ര വട്ടം തെറിവാക്കു തുപ്പിലും
എത്ര നിന്നെ ഞാന്‍ വേദനിപ്പിക്കിലും
ഇത്രമേലെന്നെ സ്നേഹിപ്പതെന്തിനായ്??
ലോകമാകെ പുണരുമാ കാരുണ്യ-
വായ്പിനാലെന്നെ കെട്ടി മുറുക്കവേ
നിന്‍ മുരളീരവമെന്‍ ചെവിയിലേ
ആനന്ദാമൃതത്തേന്‍ തുളിച്ചീടവേ
ഞാനറിയുന്നു നിന്നെയെന്നേകനാം
സ്നേഹിതനായി എന്‍ ശുഭാകാംക്ഷിയായ്
ഞാനറിയുന്നു നിന്നെയെന്‍ ജീവിത-
ത്തിന് വഴിയിലെ കാഞ്ചനതാരയായ്
എണ്ണമറ്റുള്ള പാതകം ചെയ്തൊരീ
എന്നെയും നീ വെടിഞ്ഞില്ലയെന്‍ പ്രഭോ
കണ്ണുനീരാല്‍ കഴുകിത്തുടച്ചിതാ
നിന്നടിമലര്‍ കൈവണങ്ങുന്നു ഞാന്
ശ്രീയും ഭൂമിയും സേവിച്ചു നില്‍ക്കുമാ
ശ്രീഗുരുവായൂരുണ്ണിയുള്‍ത്താരിതില്‍
വാണിടട്ടെ ഇരുളിന്‍ കയം താണ്ടി
ഞാനും പൊന്കണി കണ്ടുണര്ന്നീടട്ടെ
nice
ReplyDelete