Friday, October 16, 2009

ഏകാകി...

മനുഷ്യന്‍ വല്ലാത്തൊരു മൃഗമാണ്...അവന്‍ എപ്പോള്‍ എന്ത് ചെയ്യുമെന്ന് മാത്രം പറയാന്‍ കഴിയില്ല....നമ്മുടെ പ്രതീക്ഷകള്‍ തകിടം മറിച്ചു കൊണ്ട അവന്റെ താണ്ടവം നടമാടുന്നു....കാപട്യത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ ഉണ്ടായ തിരിച്ചറിവുകള്‍....
-----------------------------------------------------------------------------------------
ഇവിടെ പിന്നെയുമൊറ്റക്കു തന്നെ ഞാന്‍ //

അനുഗമിച്ചവര്‍ ഒപ്പം നടന്നവര്‍
പിറകില്‍ നിന്നെന്നെ കുത്തി മലര്‍്ത്തവേ
അനുദിനം കൈയില്‍ കൈ കോര്‍ത്ത്‌ നിന്നവര്‍
ചിറകരിഞ്ഞെന്നെ കാട്ടിലെറിയവേ
കഠിനമാം മൃത്യു വേദനാ സന്ധിയില്‍
ഇവിടെ പിന്നെയുമൊറ്റക്കു തന്നെ ഞാന്‍ //

കഥകള്‍ ചൊല്ലിയോര്‍, പാട്ടു പാടിച്ചവര്‍,
മിഴി കൊരുത്തു നില്‍ക്കുന്നവര്‍, ചുണ്ടില്‍ നി -
ന്നറിവെഴാതെ പൊഴിഞ്ഞൊരു വാക്കിനാല്‍
അരിശമുള്‍ക്കൊണ്ട് പോകാനോരുങ്ങവേ
സഹി കെടുത്തുന്ന ദുര്‍്മദ മൂര്‍ച്ഛയില്‍
ഇവിടെ പിന്നെയുമൊറ്റക്കു തന്നെ ഞാന്‍ //

ഇവിടെ എത്രയോ പേര്‍ക്കായി കണ്ണുനീ -
രിടവിടാതെ ഒഴുക്കിയിരുന്നു ഞാന്‍
ഇവിടെ എത്രയോ രാത്രിയില്‍ ഞാനവര്‍ -
ക്കൊരു വിളക്കായ്‌ വെളിച്ചം പകര്ന്നഹോ
അവരില്‍ പുഞ്ചിരി കാണുന്നുവെങ്കിലും
ഇവിടെ പിന്നെയുമൊറ്റക്കു നില്‍പ്പു ഞാന്‍ //

നിമിഷ നേരത്തെ മന്മനോഭ്രാന്തിയില്‍്
വഴുതി വീണ പദങ്ങള്‍ പെറുക്കിയെന്‍്
നെറുക നോക്കിയെറിഞ്ഞെന്നെ ഭ്രാന്തനെ -
ന്നലറിയാളെ വിളിച്ചു കൂട്ടീടവേ
ഹൃദയമുള്ളില്‍ കലങ്ങി മറിയവേ
ഇവിടെ ഈ വിഷം ഏറ്റുവാങ്ങുന്നു ഞാന്‍ //

കരുണയുള്ളില്‍ ഉറവാര്‍ന്നു നില്‍ക്കിലും
ഒരു സുഖസ്പര്ശമേല്ക്കാന്‍് കൊതിപ്പു ഞാന്‍
നിറയും സ്നേഹത്താല്‍ നെഞ്ചകം വിങ്ങിലും
ഒരു ചിരി തന്‍ നിലാവു കൊതിപ്പു ഞാന്‍
സകലഭൂതസമാനതാ മൂര്‍്ദ്ധ്നിയില്‍
ഈ തിരക്കിലും ഒറ്റയ്ക്ക് തന്നെ ഞാന്‍ //

നിമിഷവേഗങ്ങള്‍് കുത്തിയൊലിക്കവേ
പഴയ ജീവിതം പുത്തനായ്‌ നില്‍ക്കവേ
ഇത് വരെ കണ്ടിടാത്തതാം കാഴ്ചകള്‍
ഇതള്‍ വിടര്‍ത്തി ക്ഷണിച്ചു നിന്നീടവേ
പുതിയ കൂട്ടുകാര്‍, ചുറ്റുപാടെന്കിലും
ഇവിടെ ഇപ്പോഴും മാറാതെ നില്‍പ്പു ഞാന്‍//

ചിരി കൊടുത്ത് ഞാന്‍ കണ്ണീരു വാങ്ങവേ
ഒളി കൊടുത്തിരുട്ടിങ്ങു മേടിക്കവേ
നിലവിളക്കു പണയമായ്‌ വെച്ചു ഞാന്‍
ഒരു മെഴുകുതിരി കടം വാങ്ങവേ
സ്വത്വവും, സ്വന്തം സത്യവും മാനവും
മൃതിയടവതു കണ്ടു നില്‍ക്കുന്നു ഞാന്‍ //

ചിരിയില്‍ മൂടിയ വാളുകളേന്തിയോര്‍്
ചുമലില്‍ കൈയിട്ടു കൂടേ നടക്കവേ
അവര്‍ തന്‍ മുന്നിലെന്‍ ആത്മാഭിമാനവും
അടിയറ വെച്ചു തോറ്റു നില്‍ക്കുന്നു ഞാന്‍
അവര്‍ തന്‍ ദിഗ്ജയ ഘോഷം മുഴങ്ങിയീ
പരിഹാസ ശരം എന്റെ നേര്‍ക്കെയ്യവേ
തലകുനിച്ചേറ്റു വാങ്ങുവാന്‍ ജീവിതം
ഹൃദയരക്തം ഒഴുക്കുവാന്‍ കണ്ണുകള്‍
ഇനിയും ബാക്കിയായുണ്ടെനിക്കെന്കിലും
ഇവിടെ ഇപ്പോഴും ഒറ്റക്കു തന്നെ ഞാന്‍ //

1 comment:

  1. ഒരുപാട് ഒരുപാട് സത്യങ്ങള്‍ !

    ReplyDelete