Sunday, July 21, 2024

ഗുരുസ്മിതം

ഗുരു ചിരിക്കുന്നു! സാഗരം പോൽ കൃപാ-
ഭരിതമാകും തിരുമുമ്പിലിപ്പൊഴും
വെറുതെ ശങ്കിച്ചു നിൽക്കും കിടാങ്ങൾ തൻ
മുറിവുകൾ വിരലോടിച്ചു മായ്ക്കവേ

അകലെയാണു നീയെന്നോർത്തു മാനസ-
വ്യഥകൾ ആരോടു ചൊല്ലുമെന്നാധി തൻ
പൊരിവെയിലത്തു നിൽക്കുന്നവർക്കു നീ
ഒരു ചിരിയാൽ കുട നീർത്തിടുന്നിതാ

അരികിലേറ്റമരികിലുണ്ടെന്നു തൻ
കരുണയിറ്റുന്ന കണ്ണിനാലോതവേ
അതിനു വീണ്ടും തെളിവുകൾ തേടുന്ന
മനമതിനെയും നീ കൈവെടിഞ്ഞിടാ

അരികിലേക്കു വിളിപ്പിച്ചു പൂജ തൻ
ഹൃദയക്ഷേത്രാങ്കണത്തിൽക്കഴിപ്പിച്ചു
സ്വയമതിൽ വന്നു പൂജ കൈക്കൊണ്ടു നീ
പറയുകയാം മൊഴിയറ്റ ഭാഷയിൽ

മലമുകളിലെ ആശ്രമമാകിലും
നഗരമദ്ധ്യത്തിലുള്ളതെന്നാകിലും
അവിടെയെന്നല്ല നീ പോയിടുമിടം
എവിടെയാകിലും ഞാനവിടുണ്ടു താൻ

മനസ്സിനപ്പുറം ബുദ്ധിക്കുമപ്പുറം
ചപലമാകുമാശങ്കകൾക്കപ്പുറം
ഇതളനക്കവും തൊട്ടറിയുന്ന നിൻ
ഗുരുവുമീശനും ഞാനുമൊന്നല്ലയോ

യുഗയുഗാന്തരമായി നീയെന്നിലേ-
ക്കൊഴുകിടുന്നൂ! അഴിമുഖം കാണുവാൻ
ഇനിയധികം വഴിയില്ല! സത്വരം
വരികയെന്നുടെ മാറത്തലിയുവാൻ

അകലെ നിന്നു വന്ദിക്കുവാനെത്തിയ
വികൃതികൾ ഞങ്ങൾ! നിന്റെയനുജ്ഞയാ
ഇവിടെ നിൻ മടിത്തട്ടിൽക്കളിക്കുവാൻ
സുകൃതമെന്തു ചെയ്തുള്ളൂ മഹാഗുരോ

ശരണമർത്ഥിച്ചു വന്നൊരു ഞങ്ങളെ
ഹൃദയമന്ദിരം തന്നിലിരുത്തിയ
കപടമറ്റ കൈവല്യമേ നിന്നെ ഞാൻ
ഒരു പൊഴുതും മറക്കാതിരിക്കണേ

ഹൃദയതാരസ്വരങ്ങളിൽപ്പൂക്കുന്ന
മധുരമോഹനരാഗമാകുന്നു നീ
ചകിതർ ഞങ്ങളുഴന്നു വിളിക്കവേ
അഭയഹസ്തവുമായി വരുന്നു നീ

തിമിരബാധയൊഴിക്കുന്ന ഭാസ്കര-
കനകരശ്മിയായ് കണ്ണിൽത്തിളങ്ങി നീ
ഹൃദയതാപം ശമിക്കും നിലാക്കുളിർ
പൊഴിയും പൌർണ്ണമിയായുദിക്കുന്നു നീ

അകലെ കല്ലടിക്കോടൻ മലകളിൽ
നറുനിലാവിന്നുദിക്കുന്ന വേളയിൽ
ഗുരു ചിരിക്കുന്നു അണ്ഡപ്രപഞ്ചത്തിൽ
അവ പ്രതിധ്വനിക്കുന്നൂ നിരന്തരം

No comments:

Post a Comment