Tuesday, May 12, 2015

തിരിച്ചു നടക്കുമ്പോള്‍...

വഴി നീളുന്നൂ - വന്ന വഴി - ഞാൻ മടങ്ങുവാൻ
തുനിയുന്നേരം, നേർത്ത തേങ്ങലിൻ സ്വരത്തോടെ
പകൽ മായുന്നൂ, നന്ദിയോതട്ടെ സഖിമാരെ,
പുഴയും, പൂവും, കാട്ടുചോലയും, മാന്‍ കൂട്ടവും,
പുളിയും, പഴംകഥ പാടുന്ന പുല്‍മേടയും,
ഇവര്‍ക്കായ് ഓതട്ടെ ഞാന്‍ മംഗളം, മടങ്ങട്ടെ
ഇനിയും വൈകും മുന്‍പേ, ഏകയായ് തീരും മുന്‍പേ

പിരിയാന്‍ വയ്യെന്നാലും, ഇനിയും വയ്യെന്‍ നേര്‍ത്ത
ഹൃദയസ്പന്ദങ്ങളെ മൂടിവേക്കുവാന്‍, ജീവ-
ശിഖയില്‍ തെളിയുന്ന രൂപങ്ങളെല്ലാം സ്വപ്ന
സദൃശം മറക്കുവാന്‍, കണ്ണടച്ചിരുട്ടാക്കാന്‍,
പൊതിയും കുളിര്‍മ്മയില്‍ മുഴുകി, പഴയതാം
സ്മൃതിചിത്രങ്ങള്‍ ഒളിയേല്‍ക്കാതെ സൂക്ഷിക്കുവാന്‍,
ഇനിയും വയ്യ പൊയ്യാമീ വേഷം കേട്ടി സ്വയം
ചമയങ്ങളില്‍ മറച്ചീടുവാന്‍, ഉമിത്തീയില്‍
എറിയാന്‍, ആത്മാവിനെ വഞ്ചിക്കാന്‍, തിളയ്ക്കുന്ന
നരകങ്ങളില്‍ ചെന്നു രാപ്പാര്‍ക്കാന്‍, കണ്ണീര്‍ വാര്‍ക്കാന്‍

ആര്‍ക്കു കാണുവാന്‍ നിറമോലുന്ന പുത്തന്‍ ചേല,
ആര്‍ ചുംബിച്ചുണര്‍ത്തുവാന്‍ തുടിപ്പൂ ഞരമ്പുകള്‍
ആരുടെ സ്വരം കേള്‍ക്കാന്‍ കാതുകള്‍ വെമ്പീടുന്നൂ
ആരുടെ നിശ്വാസത്തിന്‍ ചൂടിനായ് മോഹിക്കുന്നു
ആര്‍ക്കു വേണ്ടി ഞാന്‍ യാത്ര പോകുന്നു, പിന്നിട്ടൊരു
പാതയില്‍ക്കൂടി, തിരിച്ചേതൊരജ്ഞാത സ്വപ്ന-
ഭൂമിക തേടുന്നു ഞാന്‍?
അത് കേവലമൊരു കഥയായ്ക്കൂടെന്നുണ്ടോ?
ഒരു വിഭ്രമ മനോകല്പനയല്ലെന്നുണ്ടോ?
ഏതോ സുന്ദരസ്വപ്നമൊന്നിലെ പുളകം പോല്‍
കണ്‍ തുറക്കുമ്പോള്‍ മാഞ്ഞു പോകില്ലെന്നുറപ്പുണ്ടോ?

നീളുമീ പാതയ്ക്കപ്പുറം കാത്തു നില്‍പ്പുണ്ടാമോ
കാലം, ഞാന്‍ നിറുത്തിയേടത്തുന്നു തുടങ്ങുവാന്‍?
ഞരമ്പില്‍ ഒഴുകുന്നൊരീ നീലരക്തം വീണ്ടും
ചുവപ്പായ് മാറാന്‍, സ്നേഹസാന്ദ്രമാം തലോടലിന്‍
സാന്ത്വനം പകര്‍ന്നു തന്നീടുവാന്‍, അവിടെന്റെ
ജീവിതം -  അല്ല പൂര്‍വ ജീവിതം - പുണരുവാന്‍
കാത്തുനില്‍പ്പുണ്ടാകുമോ

സാഗരങ്ങളായ് സ്നേഹം പകര്‍ന്നു തന്നീടിലും
ശോകാര്‍ദ്രം നിറകണ്ണാല്‍ തടുക്കാന്‍ ശ്രമിക്കിലും
സാന്ത്വനം കൊണ്ടെന്നെ നീ വീര്‍പ്പുമുട്ടിച്ചീടിലും
ശാന്തമായ് ചിന്തിക്കുകെന്നുപദേശിച്ചീടിലും
ശാപവാക്കുകളാലെന്‍ ഉള്ളു നീ പൊള്ളിക്കിലും
സൂര്യതാപം പോല്‍ കനല്‍ എന്‍ മീതെ വര്‍ഷിക്കിലും
ക്ഷമിക്കൂ, തിരിച്ചു വന്നീടുവാന്‍ കഴിയാത്ത
മടങ്ങിപ്പോക്കിന്‍ ആദ്യപാദം ഞാന്‍ വെച്ചേനല്ലോ

വിധിയെന്തെന്നറിയില്ലയെന്നാലും ആത്മ-
ഹിതമാണിതെന്നു ഞാന്‍ അറിയുന്നുണ്ടെന്നുള്ളില്‍
തെറ്റാകാം എടുത്തൊരീ നിര്‍ണ്ണയം പക്ഷെ ആത്മ-
ഹത്യയെക്കാളും ഭേദം തന്നെ സംശയം വേണ്ട

വഴി നീളുന്നൂ - വന്ന വഴി - ഞാൻ നടക്കുന്നു
തഴുകാന്‍ തലോടുവാന്‍ ആരുമില്ലെന്നാകിലും
കുഴയും കാലും നീട്ടി, ചുറ്റിലും പാറും ചിന്താ-
ശലഭക്കുഞ്ഞുങ്ങളും, നിഴലും, ഞാനും മാത്രം

2 comments:

  1. ചിന്താശലഭക്കുഞ്ഞുങ്ങളും നിഴലും ഞാനും!!
    സൂപ്പര്‍

    ReplyDelete