Wednesday, May 8, 2013

പതറാതെ കാത്തുനിൽക്ക...

കളവിൻ തീമഴക്കാലത്തിൻ
അന്ത്യത്തോളം
ഈ നരകഭൂമിക
വിട്ടൊഴിയേണ്ട നാം

ഒടുവിൽ നാം
ഇരുവരും തനിച്ചാകുമ്പോൾ
നെഞ്ചിൽ തുടികൊട്ടുവാൻ
ഒരു പാട്ട് നീ
ബാക്കിയാക്കുക

കനൽപ്പരപ്പുകൾ താണ്ടി,
നാം വറ്റിയ
പ്രണയസമുദ്രങ്ങൾ
കീഴടക്കുമ്പോൾ,
ഇടയിൽ കൊറിക്കാൻ
പഴം മധുരത്തിന്റെ
സ്വാദൊന്നു നാവിൽ
ബാക്കി നിർത്തീടുക

ഓർമ്മകൾ വേട്ടനായ്ക്കളെപ്പോൽ
പിന്നിൽ കുതിച്ചു വരുമ്പോൾ,
കിതച്ചു നാം
തളർന്നു വീഴാൻ തുടങ്ങുമ്പോൾ,
നിന്റെ മുടിയിഴകളിലൊന്നിൽ
നമുക്ക് കരേറണം

വിലകൂടിയ കുപ്പിച്ചില്ലുകൾ

കാലിൽ തറക്കുമ്പോൾ എങ്കിലും
അതിനെ കുറിച്ചുള്ള
പൊങ്ങച്ചം പറച്ചിൽ
നാം നിർത്തണം

ഒഴുകിപ്പോയതൊക്കെയും
വെറും മലവെള്ളം
മാത്രമാണെന്നും
നമ്മുടെ കൂടും,
അതിൽ നമ്മെ കാത്തിരിക്കുന്ന
നമ്മുടെ പക്ഷിക്കുഞ്ഞുങ്ങളും
ആ മാമരക്കൊമ്പിൽ
ഇപ്പോഴും ഉണ്ടെന്നു
നമുക്ക് പ്രത്യാശിക്കണം

നെറിവിൻ പുലരി
ഉദിക്കും വരെ ഈ
നരകവാതിൽക്കൽ
നാം കാത്തു നിൽക്കണം.....

3 comments:

  1. നെറിവിന്‍ പുലരി ഉദിക്കും വരെ

    ReplyDelete
  2. നല്ല ചൊൽക്കവിത ..
    ഓർമ്മകൾ വേട്ടനായ്ക്കളെപ്പോൽ
    പിന്നിൽ കുതിച്ചു വരുമ്പോൾ,
    കിതച്ചു നാം
    തളർന്നു വീഴാൻ തുടങ്ങുമ്പോൾ,
    നിന്റെ മുടിയിഴകളിലൊന്നിൽ
    നമുക്ക് കരേറണം

    ഈ വരികൾ ഒരുപാട് ഇഷ്ടപ്പെട്ടു .

    ReplyDelete