Saturday, May 18, 2013

പഞ്ചതന്ത്രം


7/20/12 - നു എഴുതിയ കവിത..

ചെന്നായ്ക്കള്‍:
--------------------------
പോരുവിന്‍ പോരുവിന്‍
കോഴികളെ ഈ വഴി
ചോര കൊണ്ടു നാം പുതിയ
വിപ്ലവം രചിച്ചിടാം
തുച്ഛമായ ജീവിതം പരന്നു
കാഴ്ച വെച്ചു നാം
നാളെ എന്നും ഓര്‍ത്തിടുന്ന
രക്തസാക്ഷിയായിടാം
 
കോഴികള്‍:
-----------------
സിന്ദാബാദ് സിന്ദാബാദ്
ചെന്നായിസം  സിന്ദാബാദ്..........
വരുന്നു ഞങ്ങള്‍ വരുന്നു ഞങ്ങള്‍
സ്വാര്‍ത്ഥം തീണ്ടാതണിയണിയായ്
വരുന്നു ഞങ്ങള്‍ വരുന്നു ഞങ്ങള്‍
വിപ്ലവഗാനപ്പുതുമകളായ്
വരുന്നു മര്‍ദ്ദിതകോഴിവിമോചന
സമരചരിത്രം എഴുതീടാന്‍
വരുന്നു ചോര പുരണ്ടൊരു കൊടിയും
നെഞ്ചില്‍ ധീരസ്മരണളായ്.....
 
സിന്ദാബാദ് സിന്ദാബാദ്
ചെന്നായിസം  സിന്ദാബാദ്..........
 
ചെന്നായ്ക്കള്‍(സ്വഗതം):
--------------------------------------
വരിക ഞങ്ങള്‍ക്ക് തിന്നാന്‍ ഒരുക്കുന്ന
മഠയരായുള്ള കോഴി തന്‍ കൂട്ടമേ
പൊരുതി വീഴുവാന്‍ നിങ്ങളും, തിന്നുവാന്‍
ഇവിടെ ഞങ്ങളും സുന്ദരം ജീവിതം..........
 
(കര്‍ട്ടന്‍)
------------
കുറുക്കന്മാര്‍:
----------------------
കോഴികളേ കോഴികളേ
വികസനമൊന്നും വേണ്ടായോ?
പഴായ്പ്പോകാതിനിയീ ജന്മം
സുഖമെന്തെന്നറിയേണ്ടേ നാം
വരിക സഹോദര! കോഴിമഹാത്മന്‍
അണിചേര്‍ന്നീടുക ഇവിടെ നാം
പഴയ ചരിത്രം മറവായ്കെന്നും
പുതിയവ എഴുതേണ്ടവര്‍  നമ്മള്‍
സത്യ സമത്വം സാഹോദര്യം
പാലിക്കേണ്ടവരീ  നമ്മള്‍
ഒരു 'കൈ'ത്താങ്ങായ് അണയുക നാമീ
കോഴികള്‍നാടിനി സ്വര്‍ല്ലോകം
 
കോഴികള്‍:
---------------------
പോരാം പോരാം ഞങ്ങള്‍
കുറുക്കന്‍ ചേട്ടന്മാരെ
വികസന മുദ്രാവാക്യം
മുഴക്കാം നിങ്ങള്‍ക്കൊപ്പം
കൊഴിസ്സാമ്രാജ്യത്തെ
നയിക്കാന്‍ നമ്മള്‍ക്കുണ്ടേ
ഫോറിന്‍ ബ്രീഡായുള്ള
കുറുക്കര്‍ ഒന്നോ രണ്ടോ
നാടിന്‍ പുരോഗതി
തുടരാന്‍ നിങ്ങള്‍ തന്നെ
നായകരാകേണം
ഇനിയും, കൂപ്പീടുന്നൂ....
 
കുറുക്കന്മാര്‍(സ്വഗതം):
--------------------------------------
ഇതെന്തൊരാനന്ദം ദിനവും തിന്നുവാന്‍
പൊരിച്ച കോഴിയും നുരയും ചോരയും
ഇടയ്ക്കു വാലാട്ടി ചിലര്‍ക്ക് കാല്‍ നക്കില്‍
കിടയ്ക്കും ഇഷ്ടം പോല്‍ ധനവും മാനവും
ഇവിടെയുള്ള കോഴികള്‍ തന്‍ സ്വത്തെല്ലാം
അകലെ പഞ്ചമന്‍ വനത്തില്‍ കൊണ്ടിട്ടു
അതിന്റെ ഓഹരി ലഭിക്കില്‍ സ്വസ്ഥമായ്
കഴിഞ്ഞിടാം നാമും വരും കുറുക്കരും 
ഇനിയും ഞങ്ങള്‍ക്കായ് ജയ ജയ പാടി
വിശന്നു ചാവുക, വരട്ടെ അത്താഴം....
 
(കര്‍ട്ടന്‍)

2 comments: