Wednesday, May 1, 2013

പ്രണയിനി....

ആറിടാതുള്ളില്‍ കനലു പെയ്യും പേക്കി-
നാവിന്‍ നടുക്കത്തില്‍ ഞാനുണരേ
താരാട്ടു പാട്ടിന്‍റെയീരടിയായെന്‍റെ
ചാരെ വിലോലം അവള്‍ വരുന്നു

ദാഹിച്ച ഭൂമി കുഴിച്ചു തളര്‍ന്നൊരു
കാനലില്ലാതെ വിയര്‍ത്തൊലിക്കേ
ആര്‍ദ്രമായ്‌ പെയ്യും മഴത്തുള്ളിയായ് വിറ-
പൂണ്ടോരെന്‍ ചുണ്ടില്‍ തുളുമ്പിടുന്നു

ഈറന്‍ മിഴിയില്‍ ഉദിക്കുന്ന ജീവിത-
പ്പൂത്തിരിവെട്ടമായ് വീശിടുന്നു
നീലക്കടലു പോല്‍ സ്നേഹമായി
തിരക്കൈകളാല്‍ എന്നെപ്പുണര്‍ന്നിടുന്നു 

ചിത്തം നിറയും നിശാസുമഗന്ധമായ്
മുറ്റത്തിലാകെ പരന്നിടുന്നു
ഉത്തരം വേണ്ടാത്ത ചോദ്യങ്ങളായെന്‍റെ-
യുത്തരീയത്തില്‍ കുടുങ്ങിടുന്നു.

വെട്ടിപ്പിടിക്കാന്‍ കുതിക്കുമെന്‍ പാതയില്‍
ചിത്രപതംഗമായ് പാറിടുന്നു
കത്തിപ്പിടിക്കുമെന്നോര്‍മ്മയിലേക്കവള്‍
ഒറ്റത്തിരിവിളക്കായ് വരുന്നു

1 comment:

  1. ഒറ്റത്തിരിവിളക്കായ് വരുന്നവള്‍ മനോഹരി

    ReplyDelete