Friday, April 26, 2013

ആ നിമിഷം

വിണ്ടു കീറി മുറിഞ്ഞൊരു പാടം
കണ്ടു ഞാനെന്റെ ചിന്തകൾ പോലെ
തണ്ടൊടിഞ്ഞൊരീ താളുപോൽ വാടും
സന്ധ്യ വീണ്ടുമിരുളിൽ മറഞ്ഞു

ഊരു ചുറ്റിത്തളർന്നു വരുന്നോ-
രാറു തേങ്ങുന്നു ആലംബഹീനം
കാറു നോക്കിയിരിക്കും ചകോരം
പാറി, ആശ നശിച്ചതു പോലെ

ഓർത്തു വെച്ച തമാശകൾ കൊണ്ടു
തീർത്ത സൗഹാർദ്ദ സായന്തനങ്ങൾ
കോർത്തു ഞാൻ നീർത്തി വെച്ച കിനാവിൻ
മാർത്തടത്തിലെ മാല്യവും മാഞ്ഞു

തുമ്പ ചൂടി മലർവിളി പൊങ്ങും
അൻപിൻ ഓണങ്ങൾ എന്നോ കഴിഞ്ഞു
തുമ്പി പാറും തൊടികളിൽ പൂക്കും
ശംഖു പുഷ്പങ്ങളെപ്പോഴേ വാടി

പൊൻവെയിൽനാളമേൽക്കെ വിടർന്നും
കണ്ണിലാനന്ദ പീയൂഷമായും
കിങ്ങിണി കെട്ടി നിൽക്കുവാൻ ചുറ്റും
കർണ്ണികാരദളങ്ങളുമില്ല

പഞ്ചമിക്കല മിന്നുന്ന രാവിൽ
കൊഞ്ചിടും പനന്തത്തകളില്ല
നെഞ്ചകം പലനാൾ കിനാക്കണ്ട
മഞ്ജുളരാഗ കല്പനയില്ല

വെള്ളി കെട്ടും വലംപിരി ശംഖിൽ
തുള്ളി നില്ക്കുന്ന തീർത്ഥം മനസ്സിൻ-
ഉള്ളിലേകുന്ന നൈർമല്യമെല്ലാം
ഇല്ലയിന്നെന്റെയോർമ്മയിൽ പോലും

കാറ്റു മീട്ടും ശ്രുതിക്കൊത്തു പാടും
കാട്ടുചോല തൻ സാന്ദ്രസംഗീതം
കേട്ടിടാനില്ല ചുറ്റിലും, ഞാനെ-
ന്നാർത്തിടും അട്ടഹാസങ്ങൾ മാത്രം

ദുർമ്മദത്തിന്റെ ദുർഗന്ധം മാത്രം
ദുഷ്ടമാം ദുരിതക്കടൽ മാത്രം
ദുസ്സഹമാം അഹമ്മതി മാത്രം
ദുർഗ്ഗമമാകും ജീവിതം മാത്രം

ആൾത്തിരക്കൊഴിഞ്ഞീടുന്ന നേരം,
ആത്മ നാദം മുഴങ്ങിടും നേരം,
ആലപിക്കാൻ തുടിക്കുമെന്നുള്ളിൽ
ആരഭികൾ നിറഞ്ഞിടും നേരം

ആർദ്രമാം മഴത്തുള്ളികളെന്നിൽ
ആഞ്ഞടിക്കുന്ന നേരം വരട്ടെ
ആറ്റുനോറ്റു ഞാൻ കാത്തിരുന്നോളാം
ആ നിമിഷം വരട്ടെ, വരട്ടെ....

2 comments: