04/20/2010 നു എഴുതിയ കഥ....
----------------------------------------------
ജയന് പതുക്കെ പുറത്തേക്കിറങ്ങി. പരിചിതമായ ആ വഴിയിലൂടെ അയാള്‍ നടന്നു. അരുണാചലേശ്വരന്‍ പള്ളികൊള്ളുകയാണ് ഇപ്പോഴും..... അമ്പലം ഉണര്‍ന്നിട്ടില്ല. ഇരുള്‍മൂടിയ വഴിയരികുകളില്‍ സാധുക്കള്‍, ഭിക്ഷാടകര്‍ നിരനിരയായി ഉറങ്ങുന്നു. വഴിവിളക്കുകള്‍ പ്രകാശം പൊഴിക്കുന്നു.കുറച്ചു ദൂരെനിന്നു തന്നെ അമ്പലത്തിന്റെ ഗോപുരം ജയന് കണ്ടു. കരിങ്കല്ലില്‍ കൊത്തിവെച്ച മഹാത്ഭുതം. അതിവിദഗ്ദ്ധമായി തീര്‍ത്ത അതിന്റെ ക്ലോസ് അപ് ഫോട്ടോ കണ്ടു ജയന് അതിശയിച്ചിട്ടുണ്ട്.
ഗോപുരവാതില്ക്കല് ഒരു നിമിഷം അയാള്‍ നിന്നു. ഒന്ന് കണ്ണടച്ച് പ്രാര്‍ഥിച്ചു. ഗോപുരത്തിന് മുന്‍പിലുള്ള വിശാലമായ മണ്ഡപത്തില്‍ നിരവധി പേര് കിടന്നുറങ്ങുന്നു. അരുണാചലേശ്വരനെ മാത്രം നമ്പി. അലംകൃതമായ ആ മണ്ഡപം എത്രയോ പേര്‍ക്ക് ഒരു അത്താണിയാണ്. ഇവിടെ മുന്‍പുള്ള ചില വരവുകളില്‍ താനും ഇതിനെ ആണ് അഭയസ്ഥാനമാക്കിയിട്ടുള്ളത്. തനിക്ക് അങ്ങിനെ നിശ്ചിന്തനായി ഒരിക്കല്‍ കൂടി ഉറങ്ങാന്‍ സാധിക്കുമോ എന്നയാള്‍ സംശയിച്ചു. അന്നുണ്ടായിരുന്നതും ഇന്നില്ലാത്തതും അതൊന്നു മാത്രമാണ് - മനസ്സമാധാനം.
ഇവിടേക്കുള്ള ഈ വരവിന്റെ ഉദ്ദേശ്യവും അത് തന്നെയാണല്ലോ.പഴയ വഴികളിലേക്ക് ഒരു അലച്ചില്‍. പഴയ പാതകള്‍, വെള്ളം കുടിച്ചു വിശപ്പാറ്റിയ ഗലികള്‍, വിശ്രമിച്ച വഴിയമ്പലങ്ങള്‍, വയര്‍ നിറച്ചു തന്ന ഊട്ടുപുരകള്‍..........
അമ്പലത്തിന്റെ ഇടത്ത് വശത്തുള്ള വിശാലമായ കുളത്തില്‍ കുളിച്ചു. സമയം മൂന്നുമണിയായി... ഇപ്പോള്‍ വലിഞ്ഞു നടന്നാലേ, വെയിലിനു മുന്‍പ് തിരിച്ചെത്താന്‍ കഴിയൂ. ആദ്യമായി ഗിരിവലം നടത്തിയ നാള് ജയന് ഓര്‍ത്തു. ബസ് ഇറങ്ങി പകച്ചു നിന്നപ്പോള്‍, ജടാധാരിയായ ഒരു സന്ന്യാസി അടുത്ത് വന്നു ചോദിച്ചു "എന്നപ്പാ വേണം?"
"ഒരു നിമിഷം നില്ല്.... നാന് വറേന്‍...." വലിച്ചു കൊണ്ടിരുന്ന ബീഡി നിലത്തിട്ട് അയാള്‍ വന്നു. ഗോപുരനടയില്‍ എത്തിയപ്പോള്‍ അയാള്‍ നിന്നു... "പെരുമാളേ..........."
കുളിക്കുമ്പോള്‍ അയാള്‍ പറഞ്ഞു "തിരുവണ്ണാമലയിലെ വന്താ ഗിരിവലം പണ്ണണം. അതുതാന്‍ കടവുളുക്ക് പ്രിയം"
ഗിരിവലത്തിനിടയില്, വലിഞ്ഞു നടക്കുമ്പോള്‍, തന്നോടൊപ്പം നടക്കുന്ന ആ കാഷായ വസ്ത്രക്കാരനെ ശ്രദ്ധിച്ചു... ഇരുണ്ട നിറം. ദേഹമാസകലം ഭസ്മം. എല്ലിച്ച ശരീരം, ഘനമാര്‍ന്ന ജട, കയ്യിലും കഴുത്തിലും രുദ്രാക്ഷങ്ങള്‍.....
"ഇങ്കെ വന്താ പോതും, നിനച്ചതെല്ലാം നടക്കും...." കിതച്ചുകൊണ്ട് അയാള്‍ പറഞ്ഞൊപ്പിച്ചു.
മലയുടെ എട്ടു ദിക്കുകളിലുള്ള ശിവക്ഷേത്രങ്ങളില്‍ കയറിയിറങ്ങുമ്പോള്‍, അയാള്‍ ആ പഴയ സുഹൃത്തിനെ തിരഞ്ഞുകൊണ്ടിരുന്നു.അന്ന് ആദ്യമായും അവസാനമായും ആ സന്ന്യാസിയെ കണ്ടപ്പോള്‍, അയാള്‍ പറഞ്ഞ വാചകം ജയന് ഓര്‍ത്തു:


"ഉലകത്തിലെ ഉന്നാലെ മുടിയാത്തത് ഒന്നുമേ ഇല്ലൈ. ആനാ വെളിയിലെ നേടറതിലെ മനിതന് അവനയേ തൊലൈത്തു വിടറാന്...."
അന്ന് ജയന് അതിന്റെ അര്‍ത്ഥം മനസ്സിലായിരുന്നില്ല. എന്നാല്‍ ഇന്ന് അത് പൂര്‍ണ്ണമായും തന്റെ അവസ്ഥയുമായി കൂട്ടിവായിക്കാന്‍ അയാള്‍ക്കാവുന്നുണ്ട്. എല്ലാമുണ്ട്, എന്നാല്‍ ഒന്നുമില്ല!!
അന്നത്തെ ആ അലച്ചിലുകള്‍ക്കൊടുവിലാണ് അഹമ്മദാബാദില്‍ ഒരു എക്സ്പോര്‍ടിംഗ് കമ്പനിയില്‍ കേറിപ്പറ്റുന്നത്..... പിന്നെ രാപ്പകല്‍ അധ്വാനം. എന്തൊക്കെയോ നേടാനുള്ള വാശി. നാട്ടില്‍ തനിക്കു നിഷേധിച്ചവയൊക്കെയും തന്റെ കരുത്തിന്റെ ബലത്തില്‍ നേടാനുള്ള വ്യഗ്രത......
അതിനിടക്ക് എത്രപേരെ ദ്രോഹിക്കേണ്ടി വന്നു, വീട്ടില്‍ നിന്ന് വന്ന എത്ര കത്തുകള്‍ വായിച്ചു പോലും നോക്കാതെ കീറിക്കളഞ്ഞു എന്നൊന്നും അയാള്‍ ഓര്‍ത്തു വെച്ചതേയില്ല..... ഒടുവില്‍ ഇതാ സ്വസ്ഥത നശിച്ച ഏതു മനുഷ്യനേയും പോലെ, തന്റെ വേരുകളിലേക്ക്, വന്ന വഴികളിലേക്ക് ഒരു മടങ്ങിപ്പോക്ക്. ഒറ്റയ്ക്ക് പോകുന്നെന്നു കേട്ടപ്പോള്‍ അസ്ലം ഭായി പറഞ്ഞു താന്‍ കൂടെ വരാം എന്ന്. അയാള്‍ക്ക് പന്തികേട് തോന്നിയിരിക്കാം. പക്ഷെ നിര്‍ബന്ധപൂര്‍വം ഒഴിവാക്കി. പക്ഷെ ജയനറിയാം, ഏതു തീര്‍ത്ഥങ്ങളും പൊറുക്കാത്ത പാതകങ്ങള്‍ താന്‍ ചെയ്തു കഴിഞ്ഞു എന്ന്. ആ കുറ്റബോധം അയാളെ ഇപ്പോഴും വേട്ടയാടുകയായിരുന്നു. എല്ലാ അമ്പലങ്ങളിലും മുഴങ്ങുന്ന മണികള്‍ തന്റെ വിധിയുടെ ഉദ്ഘോഷണങ്ങള്‍ ആണെന്ന് അയാള്‍ക്ക് തോന്നി.
അരുണാചലേശ്വരനെ നമിച്ചു പുറത്തിറങ്ങിയപ്പോള്‍ ജയന്, വെറുതെ ആ മണ്ഡപത്തില്‍ ചെന്നിരിക്കാം എന്നോര്‍ത്തു. നേടാനും നഷ്ടപ്പെടാനും ഒന്നുമില്ലാത്തവരുടെ ഇടയില്‍...... നിരന്നു കിടക്കുന്ന ഭാണ്ഡങ്ങളില്‍ ഒന്ന് വകഞ്ഞു മാറ്റി ജയന് ഇരുന്നു.
ചുമലില്‍ ഒരു തലോടല്‍ വീണപ്പോഴാണ് അയാള്‍ക്ക് പരിസരബോധം ഉണ്ടായത്. ഉച്ചവെയില്‍ അതിന്റെ മൂര്‍ധന്യത്തില്‍ ആയിരുന്നു. വെയില് കൊണ്ട് കണ്ണ് മഞ്ഞളിക്കുന്നു. വ്യാപാര സ്ഥാപനങ്ങളില്‍ തിരക്കും ബഹളവും.


"എന്നപ്പാ? ജ്ഞാപകം ഇരുക്കാ??" ചിരിച്ചു കൊണ്ട് ആ താടിക്കാരന് ചോദിച്ചു. ജടാഭാരം അല്പം കുറഞ്ഞിരിക്കുന്നു. മുഖത്തു അഭൗമമായ തേജസ്സ്. ജയന്റെ മുന്നില്‍ പടിഞ്ഞിരുന്ന് ആ സന്ന്യാസി ചോദിച്ചു. "എങ്കിരുന്ത് വറേ? സൌക്യം താനേ?"
ജയന് അദ്ഭുതത്തോടെ നോക്കി നില്‍ക്കാനേ കഴിയുമായിരുന്നുള്ളൂ.
"പുരിയിത് അപ്പാ... എല്ലോരും ഇങ്കെ തിരുമ്പി വന്ത് താന്‍ ആഹണം...... നീ എന്നാ നെനച്ചിതോ അത് ഉനക്ക് കെടച്ചിടുച്ച്. ആനാ നീ എന്നവാ ആയി ഇരുന്തെയോ, അത് പോയിടുച്ച്. അപ്പടി താനേ?"
ജയന് മിണ്ടാനാകാതെ നിന്ന്. മെല്ലെ തലയാട്ടി. മൌനത്തിന്റെ ഒരു കടല്‍ അവര്‍ ഇരുവര്‍ക്കിടയിലും തിരതല്ലി. വൈകീട്ടത്തെ പൂജക്കുള്ള പൂക്കള്‍ മാല കോര്‍ക്കുന്ന ചെട്ടിച്ചികള് വിയര്‍പ്പില്‍ നനഞ്ഞു. വെയില് പതുക്കെ ചാഞ്ഞു തുടങ്ങി. കണ്ണീരിന് തുള്ളികളെ പുറത്താക്കി ജയന് വാതിലടച്ചു.
കണ്ണ് തുറന്നു നോക്കിയപ്പോള്‍ സന്ന്യാസി ഉണ്ടായിരുന്നില്ല. അയാള്‍ ചുറ്റും നോക്കി, ഇല്ല അവിടെയെങ്ങുമില്ല. സന്ധ്യയാകാറായിരിക്കുന്നു. അപ്പോളാണ്, തന്റെ മുന്പില് ഇരിക്കുന്ന ആ ചെറിയ പൊതി ജയന് ശ്രദ്ധിച്ചത്. അത് തനിക്കുള്ളത് തന്നെയാണെന്ന് അയാളുടെ മനസ്സ് പറഞ്ഞു. പഴയ പത്രക്കടലാസില്‍ പൊതിഞ്ഞ ആ സമ്മാനം അയാള്‍ തുറന്നു.
രണ്ടു മഞ്ചാടിക്കുരു, അല്പം കല്‍ക്കണ്ടം, ഒരു രുദ്രാക്ഷം, തുളസിയുടെ രണ്ടിതള്‍...................
കണ്ണില്‍ പൊടിഞ്ഞ കണ്ണുനീര് തുടക്കാന്‍ മറന്നുകൊണ്ട്, ജയന് അവിടെയിരുന്നു.
സന്ധ്യയുടെ നിറവില്‍ ആ ക്ഷേത്രാങ്കണം അണിഞ്ഞൊരുങ്ങി നിന്നു. അമ്പലമുറ്റത്ത് കുഞ്ഞുങ്ങള്‍ ഓടിക്കളിച്ചു നടന്നു. തൊഴുതിറങ്ങിയവര്‍ ഗോപുരത്തില്‍ നിന്ന് ഒരിക്കല്‍ കൂടി അരുണാചലേശ്വരനെ വണങ്ങി യാത്ര ചോദിക്കുന്നു. പാതാള ലിംഗ ഗുഹക്കു മുന്പില് ധ്യാനനിമഗ്നരായി നില്ക്കുന്ന സാധുക്കളും ഭക്തന്മാരും, നെയ്ത്തിരി നാളങ്ങളും......


ഗിരിവലം കഴിഞ്ഞ്, ഓടിക്കിതച്ചെത്തിയ കാറ്റ്, തൊണ്ടപൊട്ടി വിളിച്ചു "അരുണാചലേശ്വരാ........................................................"
ആശംസകൾ
ReplyDeleteഗിരിവലം കഴിഞ്ഞ്, ഓടിക്കിതച്ചെത്തിയ കാറ്റ്, തൊണ്ടപൊട്ടി വിളിച്ചു "അരുണാചലേശ്വരാ........................................................"
ReplyDeleteനല്ല കഥ
നല്ല അവസാനം
Nandi...
ReplyDelete