ശ്രീരാമനവമി ആശംസകൾ
-------------------------------------------
എത്ര നാളായി നിന്നെക്കുറിച്ചൊരു
പാട്ടുമൂളിയിട്ടും, നിൻ ദ്വയാക്ഷരി
നാവിലല്ലാതെ എൻ നെഞ്ചകത്തൊരു
നാദഭേരിയായ് നർത്തനം ചെയ്തിട്ടും
-------------------------------------------
എത്ര നാളായി നിന്നെക്കുറിച്ചൊരു
പാട്ടുമൂളിയിട്ടും, നിൻ ദ്വയാക്ഷരി
നാവിലല്ലാതെ എൻ നെഞ്ചകത്തൊരു
നാദഭേരിയായ് നർത്തനം ചെയ്തിട്ടും
എത്ര നാളായി കല്ലിച്ചൊരെന്മനം
നിൻ്റെ കാലിൻ പൊടിയാലുയർത്തിട്ടും
വക്കു പൊട്ടിയൊരെൻ മനോവിഭ്രമ-
ച്ചില്ലു കൊട്ടാരമൊന്നായ് തകർത്തിട്ടും
വെച്ചുകെട്ടിപ്പൊതിഞ്ഞു പുറമേയ്ക്കു
കാഴ്ചയേകാതെ കാത്തു പിടിച്ചൊരെൻ
ഹൃത്തിനുള്ളിലെ നൊമ്പരങ്ങൾക്കു മേൽ
നിൻ്റെ കാരുണ്യവാരി പൊഴിഞ്ഞിട്ടും
എത്ര നാളായി, ഏതോ നിശീഥത്തിൽ
ആന്ധ്യമാണ്ടൊരെൻ മുന്നിൽ വെളിച്ചമായ്
വന്ന നിന്നുടെ നേർക്കടച്ചോരെൻ്റെ
കണ്ണു ഞാൻ തുറക്കാതെയിരുന്നിട്ടും
വാക്കുകൾ തുരുമ്പിച്ചു സംവേദന -
പ്രാപ്തിയറ്റു മൃതി കാത്തിരുന്നിട്ടും
തോറ്റു പോയ മനുഷ്യവിലാപമായ്
ക്രൗഞ്ചം വൈധവ്യ ദുഃഖത്തിലാണ്ടിട്ടും
എത്ര നാളായി ഞാനെന്ന പുറ്റിൽ നി-
ന്നല്പവും ഞാനുണരാതെയിരുന്നിട്ടും
പത്തു വായും നിറഞ്ഞിട്ടുമുള്ളിലെ
ക്ഷുത്പിപാസ ശമിക്കാതിരുന്നിട്ടും
എത്ര നാളായ് "മരാ" എന്ന വാക്കു ഞാൻ
തെറ്റു കൂടാതെ ചൊല്ലിപ്പഠിച്ചിട്ടും
നഷ്ടമായ ചിറകുകൾ തുന്നി ഞാൻ
വീണ്ടുമൊന്നു പറക്കാൻ ശ്രമിച്ചിട്ടും
എത്ര നാളായറിഞ്ഞു കൂടാ പക്ഷെ
ഇത്ര കാലവും കൈവെടിഞ്ഞില്ല നീ
നിത്യനിർമ്മല താരകബ്രഹ്മമായ്
സത്യസൗന്ദര്യസാകേതനാഥനായ്
അച്യുതാനന്ദ കോദണ്ഡപാണിയായ്
ചിദ്വിലാസമായ് ശാശ്വതൈശ്വര്യമായ്
മൃത്യുപാശങ്ങൾ പൊട്ടിച്ചെറിയുന്ന
വിദ്യയാമൊരു വാക്കിൻ തെളിച്ചമായ്
കൂടെയുണ്ടായിരുന്നു നീ നിശ്ചയം
ആ ഉറപ്പിലടങ്ങുന്നു മന്മനം

No comments:
Post a Comment