Showing posts with label Pranayam. Show all posts
Showing posts with label Pranayam. Show all posts

Wednesday, August 10, 2011

എങ്ങിനെ ഞാന്‍.....

നിഷ്കള പ്രേമമെന്‍
ശുഷ്ക ശബ്ദങ്ങളാല്‍
എങ്ങിനെ ഞാന്‍ ഓതിടാവൂ

ഉള്ളില്‍ ചിലമ്പിട്ടു
തുള്ളും മനസ്സിനെ
എങ്ങിനെ ഞാന്‍ മെരുക്കാവൂ

നിന്നെ നിനക്കുമ്പോള്‍
നെഞ്ചില്‍ പതയുന്ന-
തെങ്ങിനെ ഞാന്‍ അടക്കാവൂ

ഓര്‍മ്മയില്‍ നീ തൂകി-
യോടിയ പുഞ്ചിരി
എങ്ങിനെ ഞാന്‍ മറക്കാവൂ

പണ്ടൊരു നാളില്‍ നിന്‍
സന്ദേശമൊന്നു ഞാന്‍
കണ്ടതു തൊട്ടു മനസ്സില്‍

നീയല്ലാതൊന്നും തെ-
ളിയുവതില്ലെന്നു
ചൊല്ലേണ്ടതെങ്ങിനെ തോഴീ

നിന്റെ ചിരിയുടെ
വിദ്യുത്പ്രഭയിലെന്‍
ജീവിതം പൂത്തു തളിര്‍ക്കെ

നിന്‍ ചൊടിപ്പൂവിന്‍ മ-
ധുരം നുണഞ്ഞെന്റെ
പ്രാണന്‍ ഉന്മത്തമായീടെ

നിന്‍ കരളിന്‍ താള-
മൊന്നിലെന്‍ തംബുരു
ഇന്ന് ശ്രുതി ലയിപ്പിക്കെ

നിന്റെ വിലോലമാം
 കണ്ണിലെന്‍ ഭാവന
വീണ്ടും ചിറകു വിടര്‍ത്തെ

എന്റെ കരളിലെ
ചെമ്പകപ്പൂവുകള്‍
നല്‍കേണ്ടതെങ്ങിനെ സൌമ്യേ

എങ്ങിനെ ചൊല്ലെണ്ടി-
തേതേതു ഭാഷയില്‍
നിന്നെ ഞാന്‍ സ്നേഹിപ്പതായി

എങ്ങിനെ ചൊല്ലേണ്ടു
നീയെന്റെ ജീവനില്‍
സന്ധ്യയായ് പൂവിട്ടതായി

ഓമലെ എന്‍ പ്രേമ
പുഷ്പങ്ങള്‍ വാടാതെ
എങ്ങിനെ ഞാന്‍ തന്നിടാവൂ

നിന്റെ നുണക്കുഴി
നോവാതെയുമ്മകള്‍
എങ്ങിനെ  ഞാന്‍ ഏകിടാവൂ