Tuesday, September 22, 2026

ആത്-മാവ്

ചന്ദനക്കുറി തൊട്ട പാടം കേറി
മേടമാസമണഞ്ഞു നി:ശബ്ദമായ്
മാമ്പഴക്കാലമായീ കുയിലുകൾ
കൂകിയാർത്തൂ പുലരിയോടൊപ്പമായ്

ആറ്റിനക്കരെ സ്വപ്നത്തിലാണ്ട വൻ
മാവിന്നുള്ളിലെ സ്നേഹം തളിർത്തിതു
കാറ്റിലാകെ മണം പരത്തിപ്പതി-
നായിരം കുഞ്ഞു പൂക്കൾ വിരിഞ്ഞിതു

പത്തുനൂറായിരം പൂവുകളുള്ളതിൽ
ചത്തു വീഴുന്നിതെത്രയോ, പിന്നെയും
കണ്ണിമാങ്ങ തൻ പ്രായത്തിനപ്പുറം
കണ്ടിടാതെ മടങ്ങുന്നിതെത്രയോ

അണ്ടി മൂക്കുന്ന മുൻപേ നിലം പൊത്തി
വിണ്ടുകീറിക്കിടക്കുന്നിതെത്രയോ
ഒന്നു രണ്ടെണ്ണമേയുള്ളു വേരാഴ്ത്തി
മണ്ണിൽ നിന്നൊരു വന്മരമായവർ



മണ്ണിനുള്ളിൽ തപസ്സനുഷ്ഠിച്ചവർ
കണ്ണുനീരിൻ മഴയിൽ നനഞ്ഞവർ
തൻ ശരീരം പിളർന്നും ഹൃദയത്തി-
നുണ്മയെ വളർത്തീടാൻ തുനിഞ്ഞവർ

കല്ലെറിയേ ചിരിച്ചു വീഴുന്നവർ
കൊത്തിടുമ്പോൾ പശിയകറ്റുന്നവർ
മണ്ണിലാരോരുമില്ലാതെ ചീയുമ്പോൾ
നെഞ്ഞിൽ പ്രാർത്ഥന കൈവെടിയാത്തവർ

ചീഞ്ഞളിഞ്ഞു ദുർഗന്ധം വമിക്കവേ
വൻ പുഴു ശരീരം കാർന്നു തിന്നവേ
നാളെയായിരങ്ങൾക്കു തണലാവാൻ
നീളുമാശയോടെ തപം ചെയ്തവർ

വേരു മണ്ണിലേക്കാഴ്ത്തിയും കൈകളെ
ആരുമെത്താ ഉയരത്തിൽ വീശിയും
കാതലിന്നുറപ്പിൽ നിന്നു ചുറ്റിലും
ആ തണലായി സാന്ത്വനമാകുന്നു

പൂക്കളായ് കണ്ണിമാങ്ങയായ് മൂക്കാത്ത
മാങ്ങയായിക്കൊഴിഞ്ഞവരെത്രയോ
എങ്കിലെന്തിവനൊന്നു പോരും വംശ
സ്വാദു പാരിലാകെപ്പടർത്തീടുവാൻ

No comments:

Post a Comment