Monday, April 29, 2024

കനിവുറവ് തേടി...... - ഭാഗം മുപ്പത്തിമൂന്ന് - യാത്രക്കിപ്പുറം (പരിശിഷ്ടം)

കനിവ് - അതെന്നും എപ്പോഴും അവിരാമം ആത്മാവിലേക്ക് ഇറ്റിറ്റു വീഴുന്നത് ഞാൻ അറിയാറുണ്ട്. ആ കനിവെന്നെ കൈപിടിച്ചു നടത്തിക്കുന്നത് അറിയാറുണ്ട്. വട്ടം ചുറ്റിക്കളിച്ച് കാലിടറി വീഴുമ്പോൾ താങ്ങി നിറുത്തുന്നതും, ലൗകികപ്പൊടിയിൽ മുങ്ങി വന്നുകയറുമ്പോൾ വാത്സല്യത്തോടെ തേച്ചുകുളിപ്പിക്കുന്നതും,  കരച്ചിലിന്റെ വക്കിൽ നിൽക്കുമ്പോൾ തോളിൽ തട്ടി ആശ്വസിപ്പിക്കുന്നതും ഇതേ ആർത്തബന്ധുവാണെന്ന് ഞാൻ അറിയാറുണ്ട്. രാമനെന്നും കൃഷ്ണനെന്നും ശിവനെന്നും ഭഗവതിയെന്നും രാമകൃഷ്ണനെന്നും വിളിക്കുന്ന ആ ശക്തി രണ്ടില്ലാത്ത ബ്രഹ്മം തന്നെയാണെന്ന ബോദ്ധ്യവും ഉണ്ട്.

അഹേതുകൃപാനികേതമായ ആ കനിവിന്റെ നദിയുടെ ഉത്ഭവസ്ഥാനം - ഉറവ് - തേടിയുള്ള യാത്ര - അതിനോടുള്ള പ്രാർത്ഥനയാണ്, നന്ദി പറച്ചിലാണ്, എപ്പോഴും ഞാൻ ഓർത്തില്ലെങ്കിലും ഒരു നിമിഷം പോലും എന്നെ വിസ്മരിക്കാത്ത എൻ്റെ അച്ഛനും അമ്മയും ബന്ധുവുമായ ആ ശക്തിയോടുള്ള എൻ്റെ സ്നേഹപ്രകടനമാണ്.
------------------------------------------

സതീഷേട്ടന്റെ പുതിയ നിർമ്മാണ യൂണിറ്റ് പൂജ കഴിഞ്ഞ് പ്രവർത്തനം തുടങ്ങി. തിരക്കിന് കുറവില്ലെങ്കിലും അതിനിടയിലും ആശ്രമകാര്യങ്ങൾ ശ്രദ്ധിക്കാൻ അദ്ദേഹം സമയം കണ്ടെത്തുന്നു.

പ്രഭു കണ്ണൂരിൽ പുതിയ ജോലിയിൽ പ്രവേശിച്ചു. കണ്ണൂരിലെ തെയ്യങ്ങളും ആഘോഷങ്ങളുമൊക്കെ കണ്ടും സ്റ്റാറ്റസ് ഇട്ടും, കൂട്ടുകാരുടെയൊപ്പം പ്രധാനസ്ഥലങ്ങൾ സന്ദർശിച്ചും അദ്ദേഹം സന്തോഷമായിരുന്നു.

മാധവൻ പഴയപോലെ വാർഡിലെ കാര്യങ്ങളിൽ വ്യാപൃതനാണ്. ഇലക്ഷനുമായി ബന്ധപ്പെട്ട തിരക്കുകൾ നല്ലപോലെയുണ്ടെങ്കിലും അതിനിടയിലും ശിവരാത്രി പരിപാടിക്കും മറ്റുമായി ദിവസങ്ങളോളം  അദ്ധ്വാനിക്കാനുള്ള മനസ്സ് അദ്ദേഹത്തിനുണ്ടായി.

സത്യൻ ഡൽഹിയിൽ PHD പണിപ്പുരയിലാണ്. ഇതിനിടയിലും തിരുവനന്തപുരത്ത് മെയ് മാസം നടക്കുന്ന യുവജനശിബിരത്തിൻ്റെ ജോലികളും, ശിവരാത്രി പരിപാടിയുമായി ബന്ധപ്പെട്ടുമെല്ലാം അദ്ദേഹം നിരന്തരം പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നു.

അഖിൽ ഇടക്കിടക്ക് ചില രസകരമായ വീഡിയോകൾ അയക്കും. അവസാനം അയച്ചത് അവിടുത്തെ രണ്ടമ്മമാരുടെ പാട്ടാണ്. താൻ ചെയ്യുന്ന കാര്യങ്ങൾ അധികം യുവാക്കൾ ചെയ്യുന്നതല്ലെന്ന തോന്നൽ അഖിലിനുണ്ട്. അതിനാൽ അത് റെക്കോർഡ് ചെയ്യാൻ ഞാൻ ഇടക്കിടക്ക് നിർബന്ധിക്കുന്നുമുണ്ട്.

മുരളിയേട്ടനും സുനിത ഡോക്ടറും പിന്നീടും പല യാത്രകളും നടത്തി. തിരുവണ്ണാമലൈയിൽ രണ്ടുപേരും പോയതിന്റെ ചിത്രമൊക്ക അയച്ചു തന്നു. ജയേട്ടൻ പറഞ്ഞത് പ്രകാരം തിരുവണ്ണാമലയിൽ ഒരു വീട് വാങ്ങാനുള്ള ആലോചനയിലാണ് രണ്ടുപേരും.

ജയേട്ടൻ പതിവ് പോലെ ഒന്നിലുമില്ലാതെ എന്നാൽ എല്ലാത്തിലും ആദ്യാവസാനക്കാരനായി നടക്കുന്നു. ഇടക്ക് പാലക്കാട് ചിന്മയാമിഷന്റെ പരിപാടിയിൽ, ഇടക്ക് തിരുവനന്തപുരത്ത് ശ്രീരാമകൃഷ്ണമഠത്തിന്റെ പരിപാടിയിൽ, ഇടക്ക് കല്ലടിക്കോട് തദ്വനം ആശ്രമത്തിൽ, ഇടക്ക് തിരുവണ്ണാമലയിൽ അങ്ങിനെ നിറുത്താതെ പണിയെടുത്തുകൊണ്ടും അതിലൊന്നുപോലും ഉള്ളിൽ കുടുങ്ങാൻ അനുവദിക്കാതെയും ആർക്കും പിടികൊടുക്കാതെ വേദാന്തകേസരിയായി അദ്ദേഹം വിഹരിക്കുന്നു.

തിരിച്ചെത്തിയ ഞാൻ മെച്ചപ്പെട്ട മനുഷ്യനായോ? എന്ത് അളവുകോൽ വെച്ചാണ് അത് അളക്കേണ്ടത്? അറിയില്ല. എങ്കിലും ഒന്നുറപ്പാണ് - ലോകസാമാന്യത്തിന്റെ ദൃഷ്ടിയിൽ നീ എന്ത് തന്നെയാണെങ്കിലും എനിക്ക് നീ പൊന്നോമനയാണെന്ന ഉറപ്പ് എനിക്കാ വിശ്വപിതാവ് നൽകിക്കഴിഞ്ഞു. എത്ര നീ വഴിപിഴച്ചാലും എൻ്റെ മടിയിൽ അധികാരത്തോടെ കയറിയിരിക്കാം എന്നാ ലോകധാത്രി ഉറപ്പ് തന്നുകഴിഞ്ഞു. ഞാൻ പോലുമറിയാതെ എൻ്റെ ഹൃദയത്തിലിരുന്ന് പരിവർത്തനചക്രം അവർ തിരിക്കാൻ തുടങ്ങിക്കഴിഞ്ഞു.

തിരിച്ചെത്തിയ എൻ്റെ ബാഗിൽ പൊട്ടാതെ എത്തിക്കാൻ വിചാരിച്ചിരുന്ന ഏക്താര പൊട്ടാതെ തന്നെ എത്തി. പക്ഷെ അതിന്റെ കമ്പി മുറുക്കാൻ തുടങ്ങിയപ്പോൾ കമ്പി മാത്രം പൊട്ടിപ്പോയി. അതിനിയും മാറ്റിയിടേണ്ടതുണ്ട്. മധുരപലഹാരങ്ങളും പ്രസാദങ്ങളും പരമാവധി പേർക്ക് നൽകി. സമ്മാനങ്ങൾ എത്തേണ്ടവർക്ക് എത്തിച്ചു. ദക്ഷിണേശ്വരത്ത് നിന്നും കാമാർപുക്കൂറിൽ നിന്നും പൊതിഞ്ഞെടുത്ത മണ്ണ് സുരക്ഷിതമായി പൂജാമുറിയിൽ ഇരിക്കുന്നുണ്ട്. ഓഫീസിലും അല്ലാതെയുമായ തിരക്കുകൾ, ശിവരാത്രി പരിപാടിയുടെ തിരക്കുകൾ, വ്യക്തിപരമായ തിരക്കുകൾ അങ്ങിനെയങ്ങിനെ ജീവിതം അവിടുന്ന് കാട്ടുന്ന വഴികളിലൂടെ മുന്നോട്ട് പോകുന്നു. തേടിയ കനിവുറവ് ഹൃദയത്തിൽ കിനിഞ്ഞിരിക്കുന്നു.....

സർവേശ്വരനായ ശ്രീരാമകൃഷ്ണ ചരണങ്ങളിൽ ഈ കുറിപ്പ് സമർപ്പിക്കുന്നു.

പിൻകുറിപ്പ് :

1. ചിത്രങ്ങൾ സംഘാംഗങ്ങളിൽ പലരും എടുത്തതാണ്. അത് പ്രസിദ്ധീകരിക്കാൻ അനുവാദം തന്നതിന് നന്ദി.

2. ഫോട്ടോഗ്രാഫി പാടില്ലാത്ത ഇടങ്ങളിൽ ഇൻറർനെറ്റിൽ ലഭ്യമായ ചിത്രങ്ങളും, ശ്രീരാമകൃഷ്ണമഠത്തിന്റെയും കരാർ ആശ്രമത്തിന്റെയും വെബ്സൈറ്റുകളിൽ നിന്നുള്ള ചിത്രങ്ങൾ ചേർത്തിട്ടുണ്ട്. അവക്കുള്ള കടപ്പാട് രേഖപ്പെടുത്തുന്നു.

3. ഇതെഴുതാൻ പ്രേരിപ്പിച്ച ജയേട്ടന് നന്ദി, സ്നേഹം.

No comments:

Post a Comment