Saturday, March 1, 2025

സന്നിധി.....

ശ്രീരാമകൃഷ്ണ ജയന്തി ആശംസകൾ
---------------------------------------------------------
വിളിക്കാതെ കടന്നെൻ്റെ
ഉള്ളിൽ കുടിയിരുന്നു തൻ
മൃദുവാം വിരലാൽ ആത്മ-
രാഗം മീട്ടീയിരിക്കയോ

തിമിരം മൂടിടും കണ്ണിൽ
അഞ്ജനപ്രഭ തൂകി നീ
വിടരും പൊന്നുഷസ്സായെൻ
ഹൃത്തിൽ വന്നിങ്ങുദിച്ചുവോ

നിലകിട്ടാതെയാഴുന്ന
മനസ്സിന്നൊരു സാന്ത്വനം
പകർന്നെൻ ജീവിതത്തിൻ്റെ
ഗതി മാറ്റിയൊഴുക്കിയോ



നിശ്വാസങ്ങളിലാകേ നീ
വിശ്വാസം ചേർത്തിണക്കിയോ
വൈകല്യങ്ങളെ നീക്കീ നീ
കൈവല്യത്തിനൊരുക്കിയോ

തിരക്കിട്ടോടിടും നേരം
നിൻ്റെ പേരു വിളിക്കുവാൻ
നാവുപൊന്താത്തൊരെന്നെ നി-
ന്നന്തികേ ചേർത്തു നിർത്തിയോ

ഇരുളിൽ മുങ്ങി നിൽക്കുന്ന
മനസ്സിൽ നിൻ വചസ്സുകൾ
മിന്നൽപ്പിണറുകൾ പോലെ
അൻപിൻ പൊന്നൊളി വീശിയോ

കണ്ണിലെ നനവായെന്നിൽ
നിൻ സ്മിതം ചേർത്തിണക്കിയോ
നാവിലൂറുന്ന വാക്കിൽ നിൻ
നാമത്തിൻ തേൻ കിനിഞ്ഞുവോ

കാറ്റു വീശിയടിക്കുന്നൊ-
രെൻ ചിന്താസാഗരങ്ങളിൽ
ജീവിതക്കപ്പലോടിക്കാൻ
നാവികൻ നീയണഞ്ഞുവോ

ശ്രീപദങ്ങളിലെന്നും നീ
എനിക്കഭയമേകിയോ
ആപാദചൂഡം മധുരിക്കും
ത്വത്കഥാമൃതമേകിയോ

രാമകൃഷ്ണ! ഭവാനെൻ്റെ-
യുള്ളമാകേ നനച്ചുവോ
ദേഹക്കുമിള പൊട്ടും മുൻ-
പെന്നിൽ വർണ്ണം നിറച്ചുവോ

ഗദാധര! ജഗത്തെല്ലാം
നിൻ്റെ ഗീതികൾ പാടവേ
എൻ്റെ ആരാത്രികം കേൾക്കാൻ
നീയിന്നും കൃപ കാട്ടിയോ

നീ പിറന്നതു ലോകത്തിൽ
ധർമ്മ സംസ്ഥാപനത്തിനോ
ഏഴയാം അടിയൻ പാടും
പാട്ടുകൾ കേൾക്കുവാനുമോ

നിധിയല്ല സുഖം ത്വത്സ-
ന്നിധി തന്നെ* വരേണ്യമാം
ആ പ്രസാദക്കുറിക്കൂട്ടെൻ
നെഞ്ചിലെന്നും വിളങ്ങണേ!

ശ്രുതിസുഖനിഖിലാർത്ഥം നിർമ്മലജ്ഞാനസാരം
വിഗളിതബഹുജന്മക്ലേശപാപൗഘഭാരം
അനിതരമൃദുഭാവേ മുക്തിദാനൈകദക്ഷം
ഹൃദി ഭജ സതതം തത് രാമകൃഷ്ണസ്യ നാമം

*നിധി ചാല സുഖമാ - ത്യാഗരാജസ്വാമി

Monday, August 26, 2024

വനമാല

ശ്രീകൃഷ്ണജയന്തി ആശംസകൾ.
--------------------------------------------------
കാട്ടിലെ പൂക്കൾക്കെല്ലാം 
ആയിരം നിറം, നൂറു 
ഗന്ധങ്ങൾ, രൂപങ്ങളിൽ 
അത്രമേൽ വ്യത്യാസങ്ങൾ

തേൻ-രുചിവൈജാത്യങ്ങൾ 
സ്വഭാവവൈചിത്ര്യങ്ങൾ,
പൂക്കുന്ന കാലം, എല്ലാം 
എത്രയോ വിഭിന്നങ്ങൾ 



എങ്കിലുമുണ്ടോരോന്നി-
ന്നുള്ളിലും കിനിയുന്ന 
സ്നേഹത്തിൻ മകരന്ദം
ആർദ്രമാം സുഗന്ധവും 

ആയതു കോർത്തിട്ടല്ലേ
നീ ധരിക്കുന്നൂ വന-
മാലയായ്!അതിൽ ഞങ്ങൾ 
എല്ലാരുമോരോ പൂക്കൾ....

Sunday, July 21, 2024

ഗുരുസ്മിതം

ഗുരു ചിരിക്കുന്നു! സാഗരം പോൽ കൃപാ-
ഭരിതമാകും തിരുമുമ്പിലിപ്പൊഴും
വെറുതെ ശങ്കിച്ചു നിൽക്കും കിടാങ്ങൾ തൻ
മുറിവുകൾ വിരലോടിച്ചു മായ്ക്കവേ

അകലെയാണു നീയെന്നോർത്തു മാനസ-
വ്യഥകൾ ആരോടു ചൊല്ലുമെന്നാധി തൻ
പൊരിവെയിലത്തു നിൽക്കുന്നവർക്കു നീ
ഒരു ചിരിയാൽ കുട നീർത്തിടുന്നിതാ

അരികിലേറ്റമരികിലുണ്ടെന്നു തൻ
കരുണയിറ്റുന്ന കണ്ണിനാലോതവേ
അതിനു വീണ്ടും തെളിവുകൾ തേടുന്ന
മനമതിനെയും നീ കൈവെടിഞ്ഞിടാ

അരികിലേക്കു വിളിപ്പിച്ചു പൂജ തൻ
ഹൃദയക്ഷേത്രാങ്കണത്തിൽക്കഴിപ്പിച്ചു
സ്വയമതിൽ വന്നു പൂജ കൈക്കൊണ്ടു നീ
പറയുകയാം മൊഴിയറ്റ ഭാഷയിൽ

മലമുകളിലെ ആശ്രമമാകിലും
നഗരമദ്ധ്യത്തിലുള്ളതെന്നാകിലും
അവിടെയെന്നല്ല നീ പോയിടുമിടം
എവിടെയാകിലും ഞാനവിടുണ്ടു താൻ

മനസ്സിനപ്പുറം ബുദ്ധിക്കുമപ്പുറം
ചപലമാകുമാശങ്കകൾക്കപ്പുറം
ഇതളനക്കവും തൊട്ടറിയുന്ന നിൻ
ഗുരുവുമീശനും ഞാനുമൊന്നല്ലയോ

യുഗയുഗാന്തരമായി നീയെന്നിലേ-
ക്കൊഴുകിടുന്നൂ! അഴിമുഖം കാണുവാൻ
ഇനിയധികം വഴിയില്ല! സത്വരം
വരികയെന്നുടെ മാറത്തലിയുവാൻ

അകലെ നിന്നു വന്ദിക്കുവാനെത്തിയ
വികൃതികൾ ഞങ്ങൾ! നിന്റെയനുജ്ഞയാ
ഇവിടെ നിൻ മടിത്തട്ടിൽക്കളിക്കുവാൻ
സുകൃതമെന്തു ചെയ്തുള്ളൂ മഹാഗുരോ

ശരണമർത്ഥിച്ചു വന്നൊരു ഞങ്ങളെ
ഹൃദയമന്ദിരം തന്നിലിരുത്തിയ
കപടമറ്റ കൈവല്യമേ നിന്നെ ഞാൻ
ഒരു പൊഴുതും മറക്കാതിരിക്കണേ

ഹൃദയതാരസ്വരങ്ങളിൽപ്പൂക്കുന്ന
മധുരമോഹനരാഗമാകുന്നു നീ
ചകിതർ ഞങ്ങളുഴന്നു വിളിക്കവേ
അഭയഹസ്തവുമായി വരുന്നു നീ

തിമിരബാധയൊഴിക്കുന്ന ഭാസ്കര-
കനകരശ്മിയായ് കണ്ണിൽത്തിളങ്ങി നീ
ഹൃദയതാപം ശമിക്കും നിലാക്കുളിർ
പൊഴിയും പൌർണ്ണമിയായുദിക്കുന്നു നീ

അകലെ കല്ലടിക്കോടൻ മലകളിൽ
നറുനിലാവിന്നുദിക്കുന്ന വേളയിൽ
ഗുരു ചിരിക്കുന്നു അണ്ഡപ്രപഞ്ചത്തിൽ
അവ പ്രതിധ്വനിക്കുന്നൂ നിരന്തരം

Monday, April 29, 2024

കനിവുറവ് തേടി...... - ഭാഗം മുപ്പത്തിമൂന്ന് - യാത്രക്കിപ്പുറം (പരിശിഷ്ടം)

കനിവ് - അതെന്നും എപ്പോഴും അവിരാമം ആത്മാവിലേക്ക് ഇറ്റിറ്റു വീഴുന്നത് ഞാൻ അറിയാറുണ്ട്. ആ കനിവെന്നെ കൈപിടിച്ചു നടത്തിക്കുന്നത് അറിയാറുണ്ട്. വട്ടം ചുറ്റിക്കളിച്ച് കാലിടറി വീഴുമ്പോൾ താങ്ങി നിറുത്തുന്നതും, ലൗകികപ്പൊടിയിൽ മുങ്ങി വന്നുകയറുമ്പോൾ വാത്സല്യത്തോടെ തേച്ചുകുളിപ്പിക്കുന്നതും,  കരച്ചിലിന്റെ വക്കിൽ നിൽക്കുമ്പോൾ തോളിൽ തട്ടി ആശ്വസിപ്പിക്കുന്നതും ഇതേ ആർത്തബന്ധുവാണെന്ന് ഞാൻ അറിയാറുണ്ട്. രാമനെന്നും കൃഷ്ണനെന്നും ശിവനെന്നും ഭഗവതിയെന്നും രാമകൃഷ്ണനെന്നും വിളിക്കുന്ന ആ ശക്തി രണ്ടില്ലാത്ത ബ്രഹ്മം തന്നെയാണെന്ന ബോദ്ധ്യവും ഉണ്ട്.

അഹേതുകൃപാനികേതമായ ആ കനിവിന്റെ നദിയുടെ ഉത്ഭവസ്ഥാനം - ഉറവ് - തേടിയുള്ള യാത്ര - അതിനോടുള്ള പ്രാർത്ഥനയാണ്, നന്ദി പറച്ചിലാണ്, എപ്പോഴും ഞാൻ ഓർത്തില്ലെങ്കിലും ഒരു നിമിഷം പോലും എന്നെ വിസ്മരിക്കാത്ത എൻ്റെ അച്ഛനും അമ്മയും ബന്ധുവുമായ ആ ശക്തിയോടുള്ള എൻ്റെ സ്നേഹപ്രകടനമാണ്.
------------------------------------------

സതീഷേട്ടന്റെ പുതിയ നിർമ്മാണ യൂണിറ്റ് പൂജ കഴിഞ്ഞ് പ്രവർത്തനം തുടങ്ങി. തിരക്കിന് കുറവില്ലെങ്കിലും അതിനിടയിലും ആശ്രമകാര്യങ്ങൾ ശ്രദ്ധിക്കാൻ അദ്ദേഹം സമയം കണ്ടെത്തുന്നു.

പ്രഭു കണ്ണൂരിൽ പുതിയ ജോലിയിൽ പ്രവേശിച്ചു. കണ്ണൂരിലെ തെയ്യങ്ങളും ആഘോഷങ്ങളുമൊക്കെ കണ്ടും സ്റ്റാറ്റസ് ഇട്ടും, കൂട്ടുകാരുടെയൊപ്പം പ്രധാനസ്ഥലങ്ങൾ സന്ദർശിച്ചും അദ്ദേഹം സന്തോഷമായിരുന്നു.

മാധവൻ പഴയപോലെ വാർഡിലെ കാര്യങ്ങളിൽ വ്യാപൃതനാണ്. ഇലക്ഷനുമായി ബന്ധപ്പെട്ട തിരക്കുകൾ നല്ലപോലെയുണ്ടെങ്കിലും അതിനിടയിലും ശിവരാത്രി പരിപാടിക്കും മറ്റുമായി ദിവസങ്ങളോളം  അദ്ധ്വാനിക്കാനുള്ള മനസ്സ് അദ്ദേഹത്തിനുണ്ടായി.

സത്യൻ ഡൽഹിയിൽ PHD പണിപ്പുരയിലാണ്. ഇതിനിടയിലും തിരുവനന്തപുരത്ത് മെയ് മാസം നടക്കുന്ന യുവജനശിബിരത്തിൻ്റെ ജോലികളും, ശിവരാത്രി പരിപാടിയുമായി ബന്ധപ്പെട്ടുമെല്ലാം അദ്ദേഹം നിരന്തരം പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നു.

അഖിൽ ഇടക്കിടക്ക് ചില രസകരമായ വീഡിയോകൾ അയക്കും. അവസാനം അയച്ചത് അവിടുത്തെ രണ്ടമ്മമാരുടെ പാട്ടാണ്. താൻ ചെയ്യുന്ന കാര്യങ്ങൾ അധികം യുവാക്കൾ ചെയ്യുന്നതല്ലെന്ന തോന്നൽ അഖിലിനുണ്ട്. അതിനാൽ അത് റെക്കോർഡ് ചെയ്യാൻ ഞാൻ ഇടക്കിടക്ക് നിർബന്ധിക്കുന്നുമുണ്ട്.

മുരളിയേട്ടനും സുനിത ഡോക്ടറും പിന്നീടും പല യാത്രകളും നടത്തി. തിരുവണ്ണാമലൈയിൽ രണ്ടുപേരും പോയതിന്റെ ചിത്രമൊക്ക അയച്ചു തന്നു. ജയേട്ടൻ പറഞ്ഞത് പ്രകാരം തിരുവണ്ണാമലയിൽ ഒരു വീട് വാങ്ങാനുള്ള ആലോചനയിലാണ് രണ്ടുപേരും.

ജയേട്ടൻ പതിവ് പോലെ ഒന്നിലുമില്ലാതെ എന്നാൽ എല്ലാത്തിലും ആദ്യാവസാനക്കാരനായി നടക്കുന്നു. ഇടക്ക് പാലക്കാട് ചിന്മയാമിഷന്റെ പരിപാടിയിൽ, ഇടക്ക് തിരുവനന്തപുരത്ത് ശ്രീരാമകൃഷ്ണമഠത്തിന്റെ പരിപാടിയിൽ, ഇടക്ക് കല്ലടിക്കോട് തദ്വനം ആശ്രമത്തിൽ, ഇടക്ക് തിരുവണ്ണാമലയിൽ അങ്ങിനെ നിറുത്താതെ പണിയെടുത്തുകൊണ്ടും അതിലൊന്നുപോലും ഉള്ളിൽ കുടുങ്ങാൻ അനുവദിക്കാതെയും ആർക്കും പിടികൊടുക്കാതെ വേദാന്തകേസരിയായി അദ്ദേഹം വിഹരിക്കുന്നു.

തിരിച്ചെത്തിയ ഞാൻ മെച്ചപ്പെട്ട മനുഷ്യനായോ? എന്ത് അളവുകോൽ വെച്ചാണ് അത് അളക്കേണ്ടത്? അറിയില്ല. എങ്കിലും ഒന്നുറപ്പാണ് - ലോകസാമാന്യത്തിന്റെ ദൃഷ്ടിയിൽ നീ എന്ത് തന്നെയാണെങ്കിലും എനിക്ക് നീ പൊന്നോമനയാണെന്ന ഉറപ്പ് എനിക്കാ വിശ്വപിതാവ് നൽകിക്കഴിഞ്ഞു. എത്ര നീ വഴിപിഴച്ചാലും എൻ്റെ മടിയിൽ അധികാരത്തോടെ കയറിയിരിക്കാം എന്നാ ലോകധാത്രി ഉറപ്പ് തന്നുകഴിഞ്ഞു. ഞാൻ പോലുമറിയാതെ എൻ്റെ ഹൃദയത്തിലിരുന്ന് പരിവർത്തനചക്രം അവർ തിരിക്കാൻ തുടങ്ങിക്കഴിഞ്ഞു.

തിരിച്ചെത്തിയ എൻ്റെ ബാഗിൽ പൊട്ടാതെ എത്തിക്കാൻ വിചാരിച്ചിരുന്ന ഏക്താര പൊട്ടാതെ തന്നെ എത്തി. പക്ഷെ അതിന്റെ കമ്പി മുറുക്കാൻ തുടങ്ങിയപ്പോൾ കമ്പി മാത്രം പൊട്ടിപ്പോയി. അതിനിയും മാറ്റിയിടേണ്ടതുണ്ട്. മധുരപലഹാരങ്ങളും പ്രസാദങ്ങളും പരമാവധി പേർക്ക് നൽകി. സമ്മാനങ്ങൾ എത്തേണ്ടവർക്ക് എത്തിച്ചു. ദക്ഷിണേശ്വരത്ത് നിന്നും കാമാർപുക്കൂറിൽ നിന്നും പൊതിഞ്ഞെടുത്ത മണ്ണ് സുരക്ഷിതമായി പൂജാമുറിയിൽ ഇരിക്കുന്നുണ്ട്. ഓഫീസിലും അല്ലാതെയുമായ തിരക്കുകൾ, ശിവരാത്രി പരിപാടിയുടെ തിരക്കുകൾ, വ്യക്തിപരമായ തിരക്കുകൾ അങ്ങിനെയങ്ങിനെ ജീവിതം അവിടുന്ന് കാട്ടുന്ന വഴികളിലൂടെ മുന്നോട്ട് പോകുന്നു. തേടിയ കനിവുറവ് ഹൃദയത്തിൽ കിനിഞ്ഞിരിക്കുന്നു.....

സർവേശ്വരനായ ശ്രീരാമകൃഷ്ണ ചരണങ്ങളിൽ ഈ കുറിപ്പ് സമർപ്പിക്കുന്നു.

പിൻകുറിപ്പ് :

1. ചിത്രങ്ങൾ സംഘാംഗങ്ങളിൽ പലരും എടുത്തതാണ്. അത് പ്രസിദ്ധീകരിക്കാൻ അനുവാദം തന്നതിന് നന്ദി.

2. ഫോട്ടോഗ്രാഫി പാടില്ലാത്ത ഇടങ്ങളിൽ ഇൻറർനെറ്റിൽ ലഭ്യമായ ചിത്രങ്ങളും, ശ്രീരാമകൃഷ്ണമഠത്തിന്റെയും കരാർ ആശ്രമത്തിന്റെയും വെബ്സൈറ്റുകളിൽ നിന്നുള്ള ചിത്രങ്ങൾ ചേർത്തിട്ടുണ്ട്. അവക്കുള്ള കടപ്പാട് രേഖപ്പെടുത്തുന്നു.

3. ഇതെഴുതാൻ പ്രേരിപ്പിച്ച ജയേട്ടന് നന്ദി, സ്നേഹം.

Saturday, April 27, 2024

കനിവുറവ് തേടി...... - ഭാഗം മുപ്പത്തിരണ്ട്‌ - മടക്കയാത്ര..

 വിമാനത്തിൽ തനിച്ചിരുന്ന് ഞാൻ ഒരാഴ്ചക്കാലം ആലോചിച്ചു. എന്തൊരത്ഭുത യാത്രയായിരുന്നു അത്? എന്തൊക്കെ കാഴ്ചകൾ? എന്തൊക്കെ അനുഭവങ്ങൾ? എത്ര സ്നേഹം? എന്തൊരു നിർവൃതി? ഈശ്വരാനുഗ്രഹം തലക്ക് മുകളിൽ നിന്ന് ധാരധാരയായി വാർന്ന നിമിഷങ്ങൾ..... എയർപോർട്ടിൽ വെച്ച് എല്ലാവരെയും കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞു പോരുമ്പോൾ മനസ്സിൽ ഒരല്പം വിഷാദം തോന്നിയിരുന്നു എന്നത് ശരി. പക്ഷെ അനിവാര്യമായ കൂടിച്ചേരലുകൾക്ക് ഒരു വിരാമം ഇടക്കാവശ്യമാണല്ലോ.

ഉച്ചഭക്ഷണം കഴിഞ്ഞ് ഭുവനേശ്വർ എത്തിയപ്പോളേക്ക് വൈകുന്നേരമായിരുന്നു. പോകുന്ന വഴിയിൽ മുക്തേശ്വർ ക്ഷേത്രം കണ്ടു. ഏക്കറുകളിൽ വ്യാപിച്ചു കിടക്കുന്ന ഒരു അമ്പലം. മുക്തേശ്വർ വേണോ ലിംഗരാജ് വേണോ എന്ന ചിന്തക്കൊടുവിൽ ലിംഗരാജ് ക്ഷേത്രം തിരഞ്ഞെടുത്തിരുന്നു. മുക്തേശ്വരനെ അകലെ നിന്ന് മനസാ തൊഴുത് ഞങ്ങൾ അവസാനത്തെ സ്റ്റോപ്പിലേക്ക് എത്തിച്ചേർന്നു. 

ലിംഗരാജ് ക്ഷേത്രം ഭുവനേശ്വറിലെ ഏറ്റവും വലിയ അമ്പലമാണ്. ജഗന്നാഥക്ഷേത്രത്തിനും മുൻപാണ് ഇത് നിർമ്മിച്ചത്. കലിംഗ വാസ്തുവിദ്യയിൽ തീർത്ത ഇതിന്റെ പ്രധാനഗോപുരം പുരിയിലേത് പോലെത്തന്നെയാണ്. 180 അടിയാണ് ഇതിന്റെ ഉയരം. അനേകം ഉപക്ഷേത്രങ്ങൾ നിറഞ്ഞ അതിബൃഹത്തായ ഒരു അമ്പല കോംപ്ലക്സ് ആണ് ഇവിടുത്തേത്.

വണ്ടി പാർക്ക് ചെയ്ത് അമ്പലത്തിലേക്കെത്താൻ ഞാൻ ഒരല്പം വൈകി. അവിടെ ചെല്ലുമ്പോൾ എന്തൊക്കെയോ തർക്കങ്ങൾ കഴിഞ്ഞ് ബാക്കിയുള്ളവർ നിൽക്കുന്നു. ചോദിച്ചപ്പോളാണ് വിവരമറിഞ്ഞത്. അവിടുത്തെ ഒരു കച്ചവടക്കാരൻ അമ്പലമതിലിലേക്ക് മൂത്രമൊഴിച്ചത് കണ്ട സതീഷേട്ടൻ അയാളെ ചോദ്യം ചെയ്തു. നീയാരെടാ ചോദിക്കാൻ എന്ന മട്ടിൽ പെരുമാറിയ അയാൾക്ക് പിന്നീട് പോലീസ് ഉദ്യോഗസ്ഥരോടാണ് സമാധാനം പറയേണ്ടി വന്നത്. എല്ലാവരും സതീഷേട്ടനെ അഭിനന്ദിച്ചു.

ലിംഗരാജ ക്ഷേത്രം അതിവിശാലമായ ഒന്നാണ്. ഗംഗാ രാജവംശത്തിനും നൂറ്റാണ്ടുകൾക്ക് മുൻപ് യയാതി-1 എന്ന സോമവംശി രാജാവാണ് ഇവിടെ ക്ഷേത്രം പണി ആരംഭിച്ചത്. പിന്നീട് വന്ന പല രാജാക്കന്മാർ അത് വിപുലമാക്കി. ഇവിടെയും അകത്ത് ഫോട്ടോഗ്രാഫി പാടില്ല. നിരവധി കുഞ്ഞുകുഞ്ഞ് അമ്പലങ്ങൾ ഉള്ള മതിൽക്കകം. ഞങ്ങൾ വരി നിന്ന് അകത്തുകയറി തൊഴുതു. അമ്പലത്തിന്റെ നാലുപാടും നടന്നുകണ്ടു. പുരിയിൽ നിന്ന് വളരെ വ്യത്യസ്തമല്ല ഇവിടുത്തെ നിർമ്മിതിയും. മുകളിലെ സുദർശനചക്രമില്ല. പകരം ത്രിശൂലമാണ്. തിരക്ക് കുറവായതിനാൽ എല്ലാം വളരെ ഭംഗിയായി ചുറ്റിക്കണ്ടു. 

അമ്പലത്തിൽ വിഷ്ണുവിനും ഒരു ശ്രീകോവിലുണ്ട്. പിൽക്കാലത്ത് വൈഷ്ണവസമ്പ്രദായം ശക്തിപ്രാപിച്ചപ്പോൾ നിർമ്മിച്ചതാകും എന്നാണ് നിഗമനം. എന്തായാലും ശൈവരും വൈഷ്ണവരും ശത്രുക്കളായിരുന്നു എന്ന മട്ടിലുള്ള പ്രചാരണങ്ങൾ അസ്ഥാനത്താക്കുന്നതാണ് ഇവിടെ കണ്ടത്. അമ്പലത്തിൽ നിന്ന് അധികം വൈകാതെ ഇറങ്ങി. ഇനി ഞങ്ങൾക്ക് ഹോട്ടൽ കലിംഗയിലേക്കാണ് പോകേണ്ടത്. സുനിത ഡോക്ടറും മുരളിയേട്ടനും ഇന്നവിടെ തങ്ങും. 

വണ്ടി ഹോട്ടലിനടുത്ത് ഒരു തുറന്ന ഇടത്തിൽ പാർക്ക് ചെയ്ത് അവരുടെ സാധനങ്ങളിറക്കി ഹോട്ടലിൽ എത്തിച്ചു. യാത്രപറഞ്ഞു. വളരെ ഊഷമളമായി ഞങ്ങളെ അവർ യാത്രയാക്കി. ഒരു പ്രധാന കവലക്കരികിലാണ് ഞങ്ങൾ പാർക്ക് ചെയ്തിരുന്നത്. എതിർവശത്ത് ഒരു ഹോട്ടൽ ഉണ്ട്. അവിടെ നിന്ന് രാത്രിക്കുള്ള ഭക്ഷണവും നാട്ടിലേക്കുള്ള മധുരപലഹാരങ്ങളും വാങ്ങി.

ഏതാണ്ട് 7 മണിയോടെ ഞങ്ങൾ ബിജു പട്നായക് എയർപോർട്ടിൽ എത്തി. ഇപ്പോളും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇതിന്റെ മേൽനോട്ടം. പഴയ രീതിയിലുള്ള ഒരു എയർപോർട്ട്. ശുചിമുറികൾ ഉൾപ്പെടെ എല്ലാം നിലവാരം കുറഞ്ഞവ. അവിടെ ലോബിയിൽ ഇരുന്ന് ഭക്ഷണം കഴിച്ചു. മാധവന്റെ ഫ്ലൈറ്റ് ആണ് ആദ്യം. യാത്ര പറഞ്ഞ് മാധവൻ പോയി. എന്റേത് അല്പം കഴിഞ്ഞ്. യാത്രയിലെ മുഹൂർത്തങ്ങൾ അയവിറക്കിയും ചിത്രങ്ങൾ പങ്കുവെച്ചും ഞങ്ങൾ അൽപനേരം കൂടി ഒരുമിച്ചു ചിലവിട്ടു. ഞാൻ ബാംഗ്ലൂർക്കും മറ്റുള്ളവർ ഡൽഹി വഴി കോയമ്പത്തൂർക്കുമാണ് പോകുന്നത്.

വിമാനത്തിന്റെ അറിയിപ്പ് വന്നതോടെ എല്ലാവരോടും യാത്രപറഞ്ഞ് ഞാൻ നടന്നു. അനുഗ്രഹം കൊണ്ട് വന്നുചേർന്ന ഒരു അസുലഭമായ തീർത്ഥയാത്രയുടെ മധുരസ്മരണകളുമായി, ഭഗവാന്റെ മടിയിൽ അൽപനേരം ഇരിക്കാനായതിന്റെ കൈവല്യം നുണഞ്ഞുകൊണ്ട്, ചരിത്രവും, ശാസ്ത്രവും, ആദ്ധ്യാത്മികതയും, പച്ചമനുഷ്യരും എല്ലാം ചേർന്ന് നിറംപിടിപ്പിച്ച ഒരാഴ്ചക്കാലത്തിന്റെ മങ്ങാത്ത ഓർമ്മകളുമായി ഞാൻ വിമാനത്തിലേക്ക് കയറി. വിമാനം ബാംഗ്ലൂർ നഗരം ലക്ഷ്യമാക്കി പറന്നുയർന്നു. താഴെ നിന്ന് കലിംഗം പുഞ്ചിരിതൂകി. മുകളിൽ നിന്നുള്ള അനുഗ്രഹവർഷം ഞാൻ ഉൾത്താരിൽ ഏറ്റുവാങ്ങി...