Monday, March 25, 2013

നിന്നെപ്പോല്‍ ഒരാള്‍...

മയിലുകളിപ്പൊഴും പീലി ചൂടാറുണ്ടോ
മുകിലുകള്‍ കാര്‍വര്‍ണ്ണമേന്താറുണ്ടോ
മുളകള്‍ ഇളം തണ്ടു നീട്ടിയാ കാറ്റിന്‍റെ
വിരല്‍കളില്‍ രോമാഞ്ചം ചൂടാറുണ്ടോ?

ഇപ്പൊഴും കാളിന്ദി തീരത്തില്‍ പയ്യുകള്‍
ഇത്തിരി നേരം ഇരിക്കാറുണ്ടോ
നീലക്കടമ്പിന്മേലേറിയാരെങ്കിലും
ആറ്റിലേക്കൂക്കോടെ ചാടാറുണ്ടോ

ഗോവര്‍ദ്ധനത്തിന്‍ തണലിലാരെങ്കിലും
പേമാരി കൊള്ളാതെ നില്‍ക്കാറുണ്ടോ
കെട്ടിയിട്ടുള്ള ഉരലും വലിച്ചൊരു
കുട്ടിയും മുറ്റത്തിറങ്ങാറുണ്ടോ?

കാട്ടിലെ പൂക്കള്‍ കൊരുത്ത മാല്യം തന്‍റെ
മാറിലാരാനും അണിയാറുണ്ടോ
മഞ്ഞളില്‍ മുക്കിയുണക്കിയ ചേലകള്‍
ഇപ്പൊഴാരാനും ഉടുക്കാറുണ്ടോ?

കൂനുകള്‍ ഇപ്പോള്‍ നിവരാറുണ്ടോ രാസ-
ലീലയില്‍ ന് ലാവ് നനയാറുണ്ടോ
അമ്പാടിയില്‍ പെയ്യും അന്ധകാരങ്ങളില്‍
വീഴാതെ നിന്ന വെളിച്ചമുണ്ടോ?

ഗോരോചനക്കുറി ചാര്‍ത്തുന്നവരുണ്ടോ
ഗോപികളെ ചേര്‍ത്തണപ്പോരുണ്ടോ
കാളിന്ദിയില്‍ വിഷം ചേരവേ ക്രുദ്ധനായ്
കാളിയ മര്‍ദ്ദനം ആടാറുണ്ടോ?

നീയല്ലാതൂഴിയില്‍ മറ്റേതു സത്യ-
മുണ്ടിത്രയും ഞങ്ങളിലൊന്നാകുവാന്‍

നീയല്ലാതാരാനും നിന്നെപ്പോലെയുണ്ടോ
ഞങ്ങള്‍ക്കൊരിത്തിരി സ്നേഹമേകാന്‍

3 comments:

  1. ഇവിടെ ഇടയ്ക്കിടെ ആരോ ശ്രുതിമീട്ടാറുണ്ടോ ?

    ReplyDelete
  2. നിന്നെപ്പോലൊരാളുണ്ടോ?

    ReplyDelete